Home Editorialഅധികാരത്തിന്റെ പരീക്ഷണം സ്വന്തം പാളയത്തിൽ!

അധികാരത്തിന്റെ പരീക്ഷണം സ്വന്തം പാളയത്തിൽ!

by news_desk
0 comments

പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ അധികാരത്തിലെത്തിയ കോൺഗ്രസിന് ഇന്ന് ഏറ്റവും വലിയ വെല്ലുവിളി പ്രതിപക്ഷത്തുനിന്നല്ല, സ്വന്തം പാളയത്തിൽനിന്നാണ്. ഭരണത്തിന്റെ ആറുമാസം തികയുംമുമ്പേ പാർട്ടിയിലും മന്ത്രിസഭയിലും പുകയുന്ന അസ്വാരസ്യങ്ങളും പരസ്യമായ ചേരിതിരിവുകളും സർക്കാരിന്റെ വിശ്വാസ്യതയെപ്പോലും ചോദ്യംചെയ്യുന്ന നിലയിലേക്ക് വളരുകയാണ്. ജനങ്ങൾ നൽകിയ ജനവിധിയെ ഭരണനേട്ടങ്ങളാക്കി മാറ്റേണ്ടവർ അധികാരത്തിന്റെ പങ്കുവെപ്പിലും രാഷ്ട്രീയ മേൽക്കൈ ഉറപ്പിക്കാനുമുള്ള മത്സരത്തിലേർപ്പെടുന്നുവെന്ന ചിത്രം ആശങ്കാജനകമാണ്. കെ.സി. വേണുഗോപാൽ പക്ഷവും വി.ഡി. സതീശനോട് അടുപ്പമുള്ളവരും തമ്മിലുള്ള രാഷ്ട്രീയ സമവാക്യങ്ങൾ, എ ഗ്രൂപ്പിന്റെ അതൃപ്തി, സ്ഥാനമാനങ്ങൾ വീതംവെക്കുന്നതിലെ തർക്കങ്ങൾ-ഇവയെല്ലാം കോൺഗ്രസിന്റെ ആഭ്യന്തര പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നു. ബോർഡ്-കോർപറേഷൻ നിയമനങ്ങൾ മുതൽ മന്ത്രിസഭാ തീരുമാനങ്ങൾവരെ ഗ്രൂപ്പ് താൽപര്യങ്ങൾ സ്വാധീനിക്കുന്നുവെന്ന വിമർശനം നേതൃത്വത്തിന് ലഘുവായി തള്ളിക്കളയാനാവില്ല. അർഹരായ പ്രവർത്തകർക്ക് പരിഗണന ലഭിക്കണം. എന്നാൽ അർഹതയുടെ പേരിൽ അധികാരകേന്ദ്രങ്ങൾ സൃഷ്ടിക്കുകയും നേതൃത്വത്തെ സമ്മർദത്തിലാക്കുകയും ചെയ്യുന്നത് സംഘടനയെ ദുർബലപ്പെടുത്തും.
അഭിപ്രായവ്യത്യാസങ്ങൾ കോൺഗ്രസിന് പുതുമയല്ല. ചോദ്യംചെയ്യാനും വിയോജിക്കാനും ഏകപക്ഷീയ തീരുമാനങ്ങളെ എതിർക്കാനുമുള്ള സ്വാതന്ത്ര്യം പാർട്ടിയുടെ ജനാധിപത്യപരമായ കരുത്താണ്. എന്നാൽ നയപരമായ വിയോജിപ്പുകളും വ്യക്തികൾ തമ്മിലുള്ള അധികാരമത്സരവും രണ്ടാണ്. മന്ത്രിമാർക്കിടയിലെ ഭിന്നതകൾ പരസ്യമായ ഏറ്റുമുട്ടലുകളായി മാറുകയും ഭരണപ്രവർത്തനങ്ങളെക്കാൾ രാഷ്ട്രീയ ചേരിതിരിവുകൾ ചർച്ചയാവുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ കരുത്തല്ല; ഭരണത്തിന്റെ ദൗർബല്യമാണ്. വ്യത്യസ്ത അഭിപ്രായങ്ങൾക്ക് ഇടം നൽകുമ്പോഴും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം സംരക്ഷിക്കപ്പെടണം. എല്ലാ തീരുമാനങ്ങളും ഏതാനും നേതാക്കളുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് മുന്നോട്ടുപോകുന്നതെന്ന വിമർശനവും ഗൗരവത്തോടെ കാണണം. കെ.പി.സി.സി നേതൃത്വത്തെയും മന്ത്രിമാരെയും ഘടകകക്ഷികളെയും വിശ്വാസത്തിലെടുക്കാതെയുള്ള തീരുമാനങ്ങൾ കൂട്ടായ നേതൃത്വത്തിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണ്. സംഘടനാപരമായ കൂടിയാലോചനകളും അധികാരവിന്യാസത്തിലെ സുതാര്യതയും ഉറപ്പാക്കാതെ ആഭ്യന്തര പ്രതിസന്ധിക്ക് പരിഹാരമുണ്ടാകില്ല. ഭരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അധികാരത്തർക്കങ്ങൾ ഇത്രമേൽ ശക്തമാകുമ്പോൾ സർക്കാരിന്റെ മുൻഗണനകൾ എവിടെയാണെന്ന ചോദ്യം സ്വാഭാവികമാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വികസനമുരടിപ്പ് തുടങ്ങി ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ അടിയന്തര ശ്രദ്ധ കാത്തിരിക്കുകയാണ്. ഈ വിഷയങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തേണ്ടവർ പരസ്പരം രാഷ്ട്രീയ മേൽക്കൈ സ്ഥാപിക്കാനുള്ള മത്സരത്തിലാണെങ്കിൽ അതിന്റെ വില നൽകേണ്ടിവരുന്നത് ജനങ്ങളായിരിക്കും. അധികാരം ഒരു പാർട്ടിക്ക് ലഭിക്കുന്ന സമ്മാനമല്ല; ജനങ്ങൾ ഏൽപ്പിക്കുന്ന ഉത്തരവാദിത്വമാണ്. പത്തുവർഷത്തെ കാത്തിരിപ്പിനുശേഷം ലഭിച്ച അവസരം ഗ്രൂപ്പ് താൽപര്യങ്ങൾക്കും വ്യക്തിപരമായ അധികാരമോഹങ്ങൾക്കും അടിയറവയ്ക്കുന്നത് ജനവിധിയോടുള്ള അനീതിയാണ്. കോൺഗ്രസ് നേതൃത്വം ആദ്യം തിരിച്ചറിയേണ്ടത് ഈ യാഥാർഥ്യമാണ്. പ്രതിപക്ഷത്തെ നേരിടുന്നതിനുമുമ്പ് സ്വന്തം പാളയത്തിലെ അധികാരപ്പോരിന് അറുതിവരുത്തണം. അല്ലാത്തപക്ഷം സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷത്തിന് വലിയ അധ്വാനം വേണ്ടിവരില്ല; ഭരണപക്ഷം തന്നെ അതിന് വഴിയൊരുക്കും.

You may also like