Home Keralaഇവിഎം അട്ടിമറി ആരോപണത്തിൽ കെ.ടി. ജലീലിനെതിരെ പരാതി; അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ്

ഇവിഎം അട്ടിമറി ആരോപണത്തിൽ കെ.ടി. ജലീലിനെതിരെ പരാതി; അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ്

by news_desk1
0 comments

തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തിൽ അട്ടിമറി നടത്താൻ ഒരു സംഘം ശ്രമിച്ചെന്ന വെളിപ്പെടുത്തലിൽ കെ.ടി. ജലീലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഫിഖാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ടറൽ ഓഫീസർക്കും പരാതി നൽകിയത്. ജലീലിന്റെ വെളിപ്പെടുത്തലിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

മങ്കടയിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കുന്നത്ത് മുഹമ്മദിനെ തെരഞ്ഞെടുപ്പ് അട്ടിമറിക്കായി ഒരു സംഘം സമീപിച്ചെന്ന വിവരം ജനപ്രതിനിധിയായിരുന്ന കെ.ടി. ജലീൽ മറച്ചുവെച്ചത് നിയമപ്രകാരം തെറ്റാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രസ്താവനയായതിനാൽ സംഭവത്തിൽ അന്വേഷണം അനിവാര്യമാണെന്ന് ദുൽഫിഖ് ആവശ്യപ്പെട്ടു. തെളിവുകളില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതാണെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, വോട്ട് അട്ടിമറി നടന്നുവെന്നല്ല, അത്തരമൊരു തിരിമറിക്ക് സാധ്യതയുണ്ടെന്നാണ് താൻ സൂചിപ്പിച്ചതെന്ന് കെ.ടി. ജലീൽ വ്യക്തമാക്കി. കാസർകോട് ഉദുമ എംഎൽഎ കെ. നീലകണ്ഠൻ നേരത്തേ നടത്തിയ പ്രസ്താവനയാണ് ഇക്കാര്യത്തിൽ സംശയമുണ്ടാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വോട്ട് അട്ടിമറി ആരോപണം ഉന്നയിച്ചതെന്നും ജലീൽ പറഞ്ഞു.

അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്താൽ നിലവിലുള്ള വിവരങ്ങൾ മൊഴിയായി നൽകാൻ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു.

You may also like