Home Keralaഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്ക് ആശ്വാസം; പുതിയ പരീക്ഷ ഡിസംബർ ഒന്നിന് തുടങ്ങില്ല, മൂന്ന് മാസത്തേക്ക് നീട്ടി

ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്ക് ആശ്വാസം; പുതിയ പരീക്ഷ ഡിസംബർ ഒന്നിന് തുടങ്ങില്ല, മൂന്ന് മാസത്തേക്ക് നീട്ടി

by news_desk1
0 comments

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങളിൽ പുതുതായി ഏർപ്പെടുത്താനിരുന്ന ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് മൂന്ന് മാസത്തേക്ക് നീട്ടിവെക്കാൻ ധാരണയായി. ഡിസംബർ ഒന്നുമുതൽ പുതിയ പരീക്ഷാരീതി നടപ്പാക്കാനായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. മോട്ടോർ ഡ്രൈവിങ് സ്കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പരീക്ഷ നീട്ടാൻ തീരുമാനിച്ചത്. ഇതോടെ നിലവിലെ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റുകൾ തുടരും.

റോഡിലെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനുള്ള ഡ്രൈവർമാരുടെ കഴിവ് പരിശോധിക്കുകയാണ് പുതിയ പരീക്ഷയുടെ ലക്ഷ്യം. ലേണേഴ്സ് ടെസ്റ്റ് വിജയിച്ച് 30 ദിവസം പൂർത്തിയായവർക്കാണ് പരീക്ഷയിൽ പങ്കെടുക്കാനാകുക. അപകടസാഹചര്യങ്ങൾ ചിത്രീകരിച്ച ഒരു മിനിറ്റ് ദൈർഘ്യമുള്ള പത്ത് വിഡിയോകളാണ് പരീക്ഷയിലുണ്ടാകുക. വിഡിയോയിൽ അപകടസാധ്യത ശ്രദ്ധയിൽപ്പെടുമ്പോൾ മൗസ് ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തണം. അപകടം തിരിച്ചറിയാൻ എടുക്കുന്ന സമയവും മാർക്ക് നിർണയിക്കും. 100ൽ കുറഞ്ഞത് 60 മാർക്ക് നേടിയാലേ വിജയിക്കൂ. പരീക്ഷ വിജയിക്കുന്നവർക്കു മാത്രമേ തുടർന്ന് ഗ്രൗണ്ട്, റോഡ് ടെസ്റ്റുകളിൽ പങ്കെടുക്കാനാകൂ.

ഡ്രൈവിങ് ലൈസൻസ് പരീക്ഷയുടെ ഭാഗമായി കമ്പ്യൂട്ടർ അധിഷ്ഠിത ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് നിർബന്ധമാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകാനാണ് കേരളം ലക്ഷ്യമിട്ടത്. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സമാന പരീക്ഷാരീതിയുണ്ട്. റോഡപകടങ്ങൾ കുറയ്ക്കാനുള്ള ‘മിഷൻ സീറോ’ പദ്ധതിയുടെ ഭാഗമായാണ് പരിഷ്കാരം ആവിഷ്കരിച്ചത്. പുതിയ പരീക്ഷയ്ക്കായി ഡ്രൈവിങ് സ്കൂളുകളിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരിശീലന സൗകര്യങ്ങൾ ഒരുക്കാനും നേരത്തെ നിർദേശം നൽകിയിരുന്നു.

You may also like