Home Keralaആലപ്പുഴ മർദ്ദനക്കേസ്: അന്വേഷണത്തിൽ ഗുരുതര ആരോപണങ്ങൾ; എഡിജിപി അജിത് കുമാറിനെതിരെ റിപ്പോർട്ട് സാധ്യത

ആലപ്പുഴ മർദ്ദനക്കേസ്: അന്വേഷണത്തിൽ ഗുരുതര ആരോപണങ്ങൾ; എഡിജിപി അജിത് കുമാറിനെതിരെ റിപ്പോർട്ട് സാധ്യത

by news_desk1
0 comments

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനക്കേസിൽ അന്വേഷണത്തിന് നിർണായക വഴിത്തിരിവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരെ ചോദ്യം ചെയ്യുന്നത് തടഞ്ഞതും കേസ് നടപടികളിൽ ഇടപെട്ടതുമായ ആരോപണങ്ങളാണ് അന്വേഷണത്തിൽ ഉയർന്നിരിക്കുന്നത്.

കേസ് അന്വേഷിച്ച അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ ഗൺമാൻമാരെ ചോദ്യം ചെയ്യാൻ അനുവദിച്ചില്ലെന്നും തെളിവ് ശേഖരണത്തിൽ തടസം നേരിട്ടെന്നും ആരോപിച്ചു. ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി അന്വേഷണം നിയന്ത്രിക്കാൻ ശ്രമിച്ചതായും കേസ് ഡയറിയിലും അന്തിമ റിപ്പോർട്ടിലും ഇടപെടലുണ്ടായെന്നും ഉദ്യോഗസ്ഥർ മൊഴി നൽകിയതായി വിവരമുണ്ട്.

മൊഴി നൽകിയവരിൽ രണ്ട് ഡിവൈഎസ്പിമാർ, രണ്ട് ഇൻസ്‌പെക്ടർമാർ, ഒരു എസ്‌ഐ എന്നിവർ ഉൾപ്പെടുന്നു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക എന്നാണ് സൂചന.

സംഭവവുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെ പ്രതിചേർക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരിൽ ഒരാളെ മാപ്പുസാക്ഷിയാക്കുന്നതും പരിഗണനയിലാണെന്നാണ് വിവരം.

ഗൺമാൻമാരുടെ ഇടപെടൽ സുരക്ഷാ വീഴ്ചയാണെന്നും ചട്ടലംഘനമാണെന്നും അന്വേഷണസംഘം വിലയിരുത്തിയതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. തുടർന്ന് നടപടികളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

You may also like