തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് നാല് ദിവസം പിന്നിടുമ്പോഴും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. എംഎൽഎമാരുടെ നിലപാടുകൾ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. ഇതോടെ നിർണ്ണായക ചർച്ചകൾ ഡൽഹിയിലേക്ക് മാറിയിരിക്കുകയാണ്. ഞായറാഴ്ചയോടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് നീക്കം.
മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. 48 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് കെ.സി. വേണുഗോപാൽ വിഭാഗം അവകാശപ്പെടുമ്പോൾ, 35 പേർ തങ്ങൾക്കൊപ്പമുണ്ടെന്ന് വി.ഡി. സതീശൻ പക്ഷവും 23 പേരുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കുണ്ടെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവരും വാദിക്കുന്നു. വെറും എംഎൽഎമാരുടെ പിന്തുണ മാത്രം നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കരുത് എന്നാവശ്യപ്പെട്ട് നേതാക്കളുടെ അനുയായികൾ ഹൈക്കമാൻഡിന് ഇമെയിൽ പ്രവാഹം അയക്കുന്നുണ്ട്. അതേസമയം, ചർച്ചകൾ നീട്ടിക്കൊണ്ടുപോകാതെ ഉടൻ തീരുമാനമെടുക്കണമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചിട്ടുണ്ട്.
തിരുമാനത്തിന് കാത്തുനിൽക്കാതെ തലസ്ഥാന നഗരിയിൽ നേതാക്കൾക്കായി ഫ്ലക്സ് യുദ്ധവും മുറുകുകയാണ്. കെപിസിസി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന കെ.സി. വേണുഗോപാലിനെ സ്വാഗതം ചെയ്യുന്ന ബോർഡുകളിൽ അജ്ഞാതർ കരിഓയിൽ ഒഴിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് ഓഫീസിന് മുന്നിലെ എല്ലാ ബോർഡുകളും നീക്കം ചെയ്തു. ഇതിനിടെ, വി.ഡി. സതീശനെ പിന്തുണച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘നാച്ചുറൽ ചോയ്സ്’ എന്ന തലക്കെട്ടോടെ പുതിയ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നത് പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഹൈക്കമാൻഡ് പ്രഖ്യാപനം വരുന്നതോടെ മാത്രമേ ഈ രാഷ്ട്രീയ നാടകങ്ങൾക്ക് അന്ത്യമുണ്ടാകൂ.

