Home Nationalദ്രാവിഡ കക്ഷികൾ കൈകോർക്കുന്നു? ടി.വി.കെയിൽ പ്രതിസന്ധി; സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചാൽ രാജി ഭീഷണി

ദ്രാവിഡ കക്ഷികൾ കൈകോർക്കുന്നു? ടി.വി.കെയിൽ പ്രതിസന്ധി; സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചാൽ രാജി ഭീഷണി

by news_desk
0 comments

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ചേർന്ന് സർക്കാർ രൂപീകരിക്കാൻ നീക്കം നടത്തിയാൽ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) 108 എം.എൽ.എമാരും കൂട്ടത്തോടെ രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കി. ദ്രാവിഡ പാർട്ടികൾ തമ്മിലുള്ള സഖ്യസാധ്യത പ്രമുഖ നേതാക്കൾ തള്ളുമ്പോഴും, അണിയറയിൽ ചർച്ചകൾ സജീവമാണെന്ന റിപ്പോർട്ടുകളാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്.

ഭൂരിപക്ഷം തെളിയിക്കാൻ അഞ്ച് സീറ്റുകളുടെ കുറവുള്ള വിജയ്‌യുടെ പാർട്ടി, സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. ടി.വി.കെ സർക്കാരിന്റെ സ്ഥിരതയിൽ ആശങ്ക പ്രകടിപ്പിച്ച ഗവർണർ, ഭൂരിപക്ഷം സംബന്ധിച്ച് കൃത്യമായ ബോധ്യം വരണമെന്ന നിലപാടിലാണ്. ഭൂരിപക്ഷം ഉറപ്പിക്കാനായി ടി.ടി.വി. ദിനകരന്റെ എ.എം.എം.കെയിലെ ഏക എം.എൽ.എ എസ്. കാമരാജിന്റെ പിന്തുണ ടി.വി.കെ തേടിയിട്ടുണ്ട്. കൂടാതെ സി.പി.ഐ.എം, സി.പി.ഐ, വി.സി.കെ എന്നീ പാർട്ടികളെയും കൂടെ നിർത്താൻ വിജയ് ശ്രമം ആരംഭിച്ചു.

അതേസമയം, വിജയ്‌യെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ ഡി.എം.കെയിലെ ഒരു വിഭാഗം കരുനീക്കം നടത്തുന്നുണ്ട്. എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കി ഡി.എം.കെ പുറത്തുനിന്ന് പിന്തുണ നൽകുന്ന സാഹചര്യം പോലും ചർച്ചകളിലുണ്ട്. ഇതിന്റെ ഭാഗമായി എടപ്പാടി പളനിസ്വാമി ഗവർണറെ കാണാൻ അനുമതി തേടി. നിലവിൽ തന്റെ എം.എൽ.എമാരുമായി പുതുച്ചേരിയിലെ റിസോർട്ടിൽ ചർച്ചയിലാണ് അദ്ദേഹം. കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലും മുൻപ് പല പാർട്ടികളും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്ന് ടി.വി.കെ ചൂണ്ടിക്കാട്ടുന്നു. തമിഴകത്ത് ഭരണസ്തംഭനം ഒഴിവാക്കാൻ ഗവർണർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി നിർണ്ണായകം.

You may also like