തൃശ്ശൂർ: വിയ്യൂർ പാലത്തിന് സമീപം നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഡിവൈഡറിൽ ഇടിച്ചുതകർത്ത് മറിഞ്ഞ് എതിർദിശയിൽ വന്ന കാറിന് മുകളിലേക്ക് വീണു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.
തൃശ്ശൂർ ഭാഗത്തുനിന്ന് ഷൊർണൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാതയിലെ കോൺക്രീറ്റ് ഡിവൈഡറുകൾ തകർത്തശേഷം മറിഞ്ഞുവീഴുകയായിരുന്നു.
ഈ സമയത്ത് ഷൊർണൂർ ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് വന്നുകൊണ്ടിരുന്ന കാറിന് മുകളിലേക്ക് ലോറി പതിച്ചു. അപകടത്തിൽ കാറിന്റെ ഒരുവശം പൂർണമായും തകർന്നിട്ടുണ്ട്. ലോറിയുടെ മുൻവശത്തെ ടയറുകൾ പൊട്ടി മാറിയ നിലയിലായിരുന്നുവെന്നും വാഹനത്തിനും കേടുപാടുകൾ സംഭവിച്ചതായും വിവരം.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റിയും ഗതാഗതം നിയന്ത്രിച്ചും സ്ഥിതിഗതികൾ സാധാരണ നിലയിലാക്കി.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. വലിയ ദുരന്തത്തിന് സാധ്യത ഉണ്ടായിരുന്നെങ്കിലും ആളപായമില്ലാതെ രക്ഷപ്പെട്ടത് ആശ്വാസമായി.

