Home Keralaഡ്രൈവിങ് ടെസ്റ്റുകള്‍ കൂട്ടാന്‍ തീരുമാനം; പ്രതിദിന എണ്ണം 60 ആക്കാന്‍ സര്‍ക്കാര്‍ നീക്കം

ഡ്രൈവിങ് ടെസ്റ്റുകള്‍ കൂട്ടാന്‍ തീരുമാനം; പ്രതിദിന എണ്ണം 60 ആക്കാന്‍ സര്‍ക്കാര്‍ നീക്കം

by news_desk1
0 comments

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനായുള്ള അപേക്ഷകരുടെയും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെയും ദീര്‍ഘകാല ആവശ്യത്തിന് പരിഹാരമായി പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവിലെ 40 ടെസ്റ്റുകളില്‍നിന്ന് പ്രതിദിനം 60 ടെസ്റ്റുകളാക്കി ഉയര്‍ത്തുന്നതാണ് പരിഗണനയിലുള്ളതെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ അറിയിച്ചു.

ഡ്രൈവിങ് ടെസ്റ്റുകളുമായി ബന്ധപ്പെട്ട നിലവിലെ തടസങ്ങള്‍ പരിഹരിക്കുന്നതിനും പെന്‍ഡിങ് അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുമായി പ്രായോഗിക നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടെസ്റ്റിനുള്ള സ്ലോട്ടുകളുടെ കുറവും റീ-ടെസ്റ്റിനായി കാത്തിരിക്കേണ്ടി വരുന്ന കാലതാമസവും പരിഹരിക്കാനും വകുപ്പ് നടപടി സ്വീകരിക്കും.

മുന്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ കാലത്ത് ടെസ്റ്റുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 40 ആയി ചുരുക്കിയിരുന്നു. എന്നാല്‍ ഇതുമൂലം ലൈസന്‍സ് ലഭിക്കുന്നതില്‍ വലിയ കാലതാമസം നേരിടേണ്ടി വന്നതോടെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും അപേക്ഷകരും വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

വിദേശത്തേക്ക് തൊഴില്‍ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍, വിവിധ ജില്ലകളില്‍നിന്ന് എത്തുന്ന അപേക്ഷകര്‍ തുടങ്ങിയവര്‍ക്ക് ഈ നിയന്ത്രണം വലിയ ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുനഃപരിശോധനയ്ക്ക് തയ്യാറായത്. പുതിയ തീരുമാനം നടപ്പായാല്‍ ലൈസന്‍സ് ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.

അതേസമയം, സംസ്ഥാനത്ത് നിലവിലുള്ള ആര്‍.ടി.ഒ. ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിനായും നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. വിവിധ ഘട്ടങ്ങളിലായി ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഒഴിവുകള്‍ നികത്തുന്നതോടെ മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.

You may also like