കൽപ്പറ്റ: വയനാട്ടിലെ കോളിയാടി സ്കൂളിൽ വിദ്യാർഥികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് അധികൃതർ നിർദേശിച്ചു. രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കുട്ടികളുടെ വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്.
രോഗബാധിതരായ കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന സ്കൂളുകളിലും പ്രത്യേക ആരോഗ്യനിരീക്ഷണം ഏർപ്പെടുത്തി. ജില്ലയിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എല്ലാ സ്കൂളുകളിലെയും കിണറുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഇന്ന് ഉന്നതതല യോഗം ചേരും. മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തി സാഹചര്യം നേരിട്ട് വിലയിരുത്തും.
രോഗബാധിതരായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ 60 കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇതേ ലക്ഷണങ്ങളോടെ 339 വിദ്യാർഥികൾ ചികിത്സ തേടിയിരുന്നു. പരിശോധനയ്ക്കായി അയച്ച 21 സാമ്പിളുകളിൽ രണ്ടെണ്ണത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
എല്ലാ കുട്ടികളുടെയും ആരോഗ്യനില നിലവിൽ സാധാരണ നിലയിലാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
