ന്യൂഡൽഹി: ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. ഇതുവരെ ഒരു വർഷത്തിൽ ലഭിച്ചിരുന്ന ഒമ്പത് സബ്സിഡി സിലിണ്ടറുകൾ ഇനി നാലായി ചുരുക്കി.
14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ വില വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. നിലവിൽ ഓരോ സിലിണ്ടറിനും 300 രൂപ വീതമാണ് കേന്ദ്ര സർക്കാർ സബ്സിഡിയായി നൽകുന്നത്.
പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഗ്യാസ്, പെട്രോൾ, ഡീസൽ വിൽപ്പനയിൽ വലിയ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്ന് പെട്രോളിയം മന്ത്രാലയം വിശദീകരിച്ചു. വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഗാർഹിക എൽപിജി സിലിണ്ടറിന് ഏകദേശം 700 രൂപയുടെ നഷ്ടമാണ് കമ്പനികൾ സഹിക്കുന്നതെന്ന് മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി പ്രവീൺ എം. ഖനൂജ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എൽപിജി വില ഉയർന്നതും തീരുമാനത്തിന് കാരണമായതായി റിപ്പോർട്ടുകളുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഒരു ഗാർഹിക എൽപിജി സിലിണ്ടറിന്റെ യഥാർത്ഥ വിപണി വില ഇപ്പോൾ 1,600 രൂപ കടന്നിട്ടുണ്ട്.
സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ചതോടെ രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.
