Home Nationalകനത്തമഴയിൽ ഗുജറാത്തും അസമും ദുരിതത്തിൽ; മരണസംഖ്യ 47, ഗുജറാത്തിൽ 22,000 പേർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്

കനത്തമഴയിൽ ഗുജറാത്തും അസമും ദുരിതത്തിൽ; മരണസംഖ്യ 47, ഗുജറാത്തിൽ 22,000 പേർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്

by news_desk1
0 comments

മുംബൈ: കനത്തമഴയെ തുടർന്ന് ഗുജറാത്തിലും അസമിലും പ്രളയസമാന സാഹചര്യം തുടരുന്നു. അസമിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 47 ആയി ഉയർന്നു. ഗുജറാത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 22,000-ത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പലയിടങ്ങളിലും റോഡ്, റെയിൽ ഗതാഗതം താറുമാറായി. ഗുജറാത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളക്കെട്ടിലൂടെ ഒഴുകുന്ന വാഹനങ്ങൾ, മണ്ണിടിച്ചിലിനെ തുടർന്ന് നിലച്ച റെയിൽ ഗതാഗതം, അടച്ചിട്ട 12 സംസ്ഥാനപാതകൾ എന്നിവ ഗുജറാത്തിലെ ഗുരുതര സാഹചര്യം വ്യക്തമാക്കുന്നതാണ്. വൽസാദ് ജില്ലയിലെ ഉമർഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,064 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

റെക്കോർഡ് മഴയെ തുടർന്ന് സൂറത്ത്, നവ്സാരി ഉൾപ്പെടെയുള്ള ജില്ലകളുടെ വലിയ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മുംബൈ–അഹമ്മദാബാദ് ദേശീയപാതയിലും വെള്ളം കയറിയതോടെ രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായി. ദമൻ ഗംഗ, പാർ, ഔറംഗ നദികൾ കരകവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണം. പാർപ്പിട സമുച്ചയങ്ങളും വ്യവസായ മേഖലകളും ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിലായി.

പ്രളയത്തിൽ ഒറ്റപ്പെട്ട 1,200 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. പ്രശ്നബാധിത മേഖലകളിൽ സൈന്യത്തെയും ദേശീയ ദുരന്തനിവാരണ സേനയെയും വിന്യസിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി അറിയിച്ചു.

ഗുജറാത്തിലെ 20 ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പും നിലനിൽക്കുന്നു. ഡൽഹിയിലേക്കും ഗുജറാത്തിലേക്കും സർവീസ് നടത്തുന്ന ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

അതേസമയം, അസമിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറുപേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 47 ആയി. 11 ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം ആളുകളെയാണ് മഴക്കെടുതി ബാധിച്ചിരിക്കുന്നത്. നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നിർദേശം നൽകി.

You may also like