Home Keralaനൂറ് പവൻ പണയം, തിരികെ വാങ്ങാനെത്തിയപ്പോൾ സ്വർണം കാണാനില്ല; ബാങ്ക് മുൻ മാനേജർ അറസ്റ്റിൽ

നൂറ് പവൻ പണയം, തിരികെ വാങ്ങാനെത്തിയപ്പോൾ സ്വർണം കാണാനില്ല; ബാങ്ക് മുൻ മാനേജർ അറസ്റ്റിൽ

by news_desk1
0 comments

താനൂർ: മലപ്പുറം താനൂരിലെ സ്വകാര്യ ബാങ്ക് ശാഖയിൽ പണയം വെച്ച സ്വർണം ഉടമയുടെ അറിവില്ലാതെ വീണ്ടും പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ ശാഖ മാനേജർ അറസ്റ്റിൽ. താനൂർ ശാഖയുടെ മുൻ മാനേജരായ അർജുനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിരൂർ ചെമ്പ്ര സ്വദേശി മുഹമ്മദ് യാസിറിന്റെ പരാതിയിലാണ് തട്ടിപ്പ് പുറത്തുവന്നത്. കേസിൽ മുൻ മാനേജർ അർജുനെയും താനൂർ സ്വദേശി ഷുഹൈബിനെയും പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്നാം പ്രതിയായ അർജുനെ താനൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. സമാനരീതിയിൽ മറ്റ് ഉപഭോക്താക്കളുടെ സ്വർണവും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

2023 മെയ് മാസത്തിൽ ബിസിനസ് ആവശ്യത്തിനായി മുഹമ്മദ് യാസിർ ഏകദേശം നൂറ് പവൻ സ്വർണം പണയം വെച്ച് ആദ്യം 14 ലക്ഷം രൂപയും പിന്നീട് വിവിധ ഘട്ടങ്ങളിലായി ആകെ 17 ലക്ഷം രൂപയും വായ്പയെടുത്തിരുന്നു. രണ്ട് വർഷത്തിന് ശേഷം വായ്പ തിരിച്ചടച്ച് സ്വർണം വാങ്ങാൻ എത്തിയപ്പോഴാണ് സ്വർണത്തിന്റെ ഒരു ഭാഗം കാണാനില്ലെന്ന വിവരം ലഭിച്ചത്.

സ്വർണം ഉടൻ കണ്ടെത്താമെന്ന് മുൻ മാനേജർ അർജുൻ അറിയിച്ചെങ്കിലും, തുടർന്ന് നടത്തിയ പരിശോധനയിലാണ് 2024 ജൂലൈയിൽ യാസിറിന്റെ അറിവില്ലാതെ അതേ സ്വർണം ഷുഹൈബിന്റെ ഭാര്യയുടെയും മകളുടെയും പേരിൽ കൂടുതൽ തുകയ്ക്ക് വീണ്ടും പണയം വെച്ച് വായ്പ എടുത്തതായി കണ്ടെത്തിയത്.

ബാങ്ക് മാനേജരുടെയും ജീവനക്കാരുടെയും അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്ക് അർജുനെ നേരത്തെ മാനേജർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

കേസിൽ ഷുഹൈബിന്റെ ഭാര്യയുടെയും മകളുടെയും പേരിൽ സ്വർണം പണയം വെച്ചതായി കണ്ടെത്തിയതോടെ കൂടുതൽ പേരുടെ പങ്കും പൊലീസ് പരിശോധിച്ചുവരികയാണ്. മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടന്നതായും പരാതിയുണ്ട്.

You may also like