കൊൽക്കത്ത: ചെറുപ്പം മുതൽ ഒപ്പമുണ്ടായിരുന്ന മുത്തശ്ശിയുടെ മരണം താങ്ങാനാകാതെ മുത്തശ്ശിയുടെ മൃതദേഹത്തിനൊപ്പം വൈദ്യുത ശ്മശാനത്തിലെ ദഹനചൂളയിലേക്ക് ചാടാൻ ശ്രമിച്ച് 30കാരൻ. ബന്ധുക്കളുടെ ഇടപെടലിൽ ജീവൻ രക്ഷിക്കാനായെങ്കിലും യുവാവിന് ഗുരുതര പൊള്ളലേറ്റു.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദീപിലാണ് സംഭവം. ഗെടെ സ്വദേശിയായ വയോധികയുടെ സംസ്കാര ചടങ്ങുകളുടെ അവസാന ഘട്ടത്തിലായിരുന്നു ആത്മഹത്യാ ശ്രമം. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വൈദ്യുത ദഹനചൂളയിലേക്ക് പ്രവേശിപ്പിക്കാനൊരുങ്ങുന്നതിനിടെയാണ് പേരക്കുട്ടി ചൂളയിലേക്ക് ചാടിയത്. സമീപത്തുണ്ടായിരുന്നവർ ഏറെ പണിപ്പെട്ടാണ് യുവാവിനെ പുറത്തെടുത്തത്. ജീവൻ രക്ഷിക്കാനായെങ്കിലും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്.
പരിക്കേറ്റ ഇന്ദ്രജിത് ബിശ്വാസ് എന്ന യുവാവിനെ നബദീപ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുത്തശ്ശി മരിച്ചതുമുതൽ യുവാവ് അതീവ ദുഃഖിതനായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പകൽ മുഴുവൻ കരഞ്ഞുകൊണ്ടിരുന്ന യുവാവ് സംസ്കാര ചടങ്ങിനിടെയാണ് ഇത്തരമൊരു കടുത്ത നടപടിക്ക് ശ്രമിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൃതദേഹം ദഹനചൂളയ്ക്ക് മുന്നിൽ വച്ചിരിക്കുന്നതിനിടയിൽ യുവാവ് അതിലേക്ക് ചാടി ചൂളയ്ക്കുള്ളിലേക്ക് പോകാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
