Home Top Storiesജി സുധാകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു; പ്രോ ടേം സ്പീക്കർ ചുമതല ഏറ്റെടുത്തു

ജി സുധാകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു; പ്രോ ടേം സ്പീക്കർ ചുമതല ഏറ്റെടുത്തു

by news_desk1
0 comments

തിരുവനന്തപുരം: അമ്പലപ്പുഴയിൽ നിന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി വിജയിച്ച ജി സുധാകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടേം സ്പീക്കറായി നിയമിതനായതിനാൽ ഗവർണറുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിസഭാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

വീണ്ടും നിയമസഭയിലെത്താനായതിൽ സന്തോഷമുണ്ടെന്ന് ജി സുധാകരൻ പ്രതികരിച്ചു. ആരാണ് തന്റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന കാര്യത്തിൽ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതകൾ സൂക്ഷിക്കുന്ന വ്യക്തിയല്ല താനെന്നും സുധാകരൻ വ്യക്തമാക്കി.

സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായി വിജയനും എം വി ഗോവിന്ദനും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം വിമർശിച്ചു. നിയമസഭയിലേക്ക് വീണ്ടും എത്തണമെന്നത് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും അതുകൊണ്ടാണ് സ്വതന്ത്രനായി മത്സരിച്ചതെന്നും സുധാകരൻ പറഞ്ഞു.

“ആറര ദശാബ്ദത്തിലേറെയായി പാർട്ടിക്കായി പ്രവർത്തിച്ചു. എന്നാൽ പാർട്ടിയിൽ തുടരുന്നതിന് അർഥമില്ലെന്ന് തോന്നി. രാജിവെച്ചതുമില്ല, പുറത്താക്കിയതുമില്ല. അംഗത്വം പുതുക്കാതിരിക്കുകയായിരുന്നു,” എന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.

You may also like