പാലാ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 12 സീറ്റുകളിലും ദയനീയമായി പരാജയപ്പെട്ടതോടെ കേരള കോൺഗ്രസ് (എം) കടുത്ത ആഭ്യന്തര പ്രതിസന്ധിയിലേക്ക്. ചരിത്രത്തിലാദ്യമായി നിയമസഭയിൽ പ്രതിനിധികളില്ലാത്ത അവസ്ഥയിലേക്ക് പാർട്ടി വീണതോടെ, ജോസ് കെ. മാണി വിഭാഗത്തിൽ പിളർപ്പ് സൂചനകൾ ശക്തമായി. മുന്നണി മാറ്റത്തെ ശക്തമായി എതിർത്ത ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ പാർട്ടിയിൽ പരസ്യവിമർശനം ഉയർന്നു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കളും അണികളും.
1979-ൽ രൂപീകൃതമായ ശേഷം കേരള കോൺഗ്രസ് (മാണി) നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. പാർട്ടിയുടെ ശക്തികേന്ദ്രമായ മധ്യകേരളത്തിൽ പോലും അടിത്തറയിളകുന്ന കാഴ്ചയാണ് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കണ്ടത്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി സ്വന്തം തട്ടകമായ പാലായിൽ 2,991 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ 23,822 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിന് തോറ്റത് പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. എൻ. ജയരാജ് (കാഞ്ഞിരപ്പള്ളി), സെബാസ്റ്റ്യൻ കുളത്തുങ്കൽ (പൂഞ്ഞാർ) തുടങ്ങിയ പ്രമുഖ നേതാക്കളും പരാജയപ്പെട്ടു. പരമ്പരാഗത ക്രൈസ്തവ വോട്ടുകൾ കൂട്ടത്തോടെ കൈവിട്ടതാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
തിരിച്ചടി എൽഡിഎഫുമായി ചേർന്ന് പരിശോധിക്കുമെന്ന് ജോസ് കെ. മാണി പ്രതികരിച്ചെങ്കിലും, പാർട്ടിയിലെ അസംതൃപ്തി വരും ദിവസങ്ങളിൽ പൊട്ടിത്തെറികളിലേക്ക് നയിച്ചേക്കാം. അതേസമയം, മികച്ച വിജയം നേടിയ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം യുഡിഎഫിൽ കരുത്താർജിക്കുകയാണ്. മോൻസ് ജോസഫിനെയും നിയുക്ത എംഎൽഎ അപു ജോൺ ജോസഫിനെയും മന്ത്രിമാരാക്കണമെന്ന ആവശ്യം ജോസഫ് വിഭാഗത്തിൽ ശക്തമാണ്. മാണി വിഭാഗം സംപൂജ്യരായത് മധ്യകേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന് ഉറപ്പായി.

