തിരുവനന്തപുരം: എൽഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും അതിനെ തകർക്കുന്ന യാതൊരു നീക്കവും അനുവദിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിൽ, പാർട്ടി സംസ്ഥാന നിർവാഹക സമിതി ഇന്ന് ദില്ലിയിൽ ചേരും. കേന്ദ്ര സെക്രട്ടേറിയേറ്റ്, ദേശീയ നിർവാഹക സമിതി, ദേശീയ കൗൺസിൽ യോഗങ്ങൾ നാളെ നടക്കും.
അതേസമയം, പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം പ്രകടിപ്പിച്ച നിലപാട് പാർട്ടിയുടെ ആത്മവിശ്വാസമാണെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി. സിപിഐ ശരിയായ ആവശ്യമാണ് ഉന്നയിച്ചതെന്നും ഇക്കാര്യത്തിൽ പാർട്ടി ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന്റെ രൂപീകരണം സിപിഐയുടെ കൂടി ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് കെ. രാജൻ പറഞ്ഞു. അതുവിട്ട് സിപിഐ പോകുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും എൽഡിഎഫ് ഭിന്നിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലപാട് സ്വീകരിക്കുമ്പോൾ അത് കടുത്തതായിരിക്കുമെന്നും എന്നാൽ അധികാരത്തിനുവേണ്ടിയുള്ള നിലപാടല്ല സിപിഐ സ്വീകരിക്കുന്നതെന്നും കെ. രാജൻ കൂട്ടിച്ചേർത്തു.
