Home Entertainmentനിറഞ്ഞാടി മമ്മൂട്ടി, കാമിയോയിൽ തിളങ്ങി മോഹൻലാൽ; മികച്ച പ്രതികരണവുമായി ‘പേട്രിയറ്റ്’

നിറഞ്ഞാടി മമ്മൂട്ടി, കാമിയോയിൽ തിളങ്ങി മോഹൻലാൽ; മികച്ച പ്രതികരണവുമായി ‘പേട്രിയറ്റ്’

by news_desk1
0 comments

കൊച്ചി: വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ആദ്യ പ്രദർശനങ്ങൾ കഴിഞ്ഞതോടെ ചിത്രത്തിന്റെ പ്രമേയത്തിനും മേക്കിങ്ങിനും അഭിനയത്തിനുമെല്ലാം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ഉയരുന്നത്.

ചിത്രത്തിന്റെ ആദ്യ പകുതി മുഴുവനും മമ്മൂട്ടിയുടെ ശക്തമായ പ്രകടനമാണ് മുന്നോട്ടു കൊണ്ടുപോകുന്നതെന്നാണ് പ്രേക്ഷക വിലയിരുത്തൽ. അതേസമയം മോഹൻലാലിന്റെ കാമിയോ അവതരണം തിയേറ്ററുകളിൽ വലിയ ആവേശം സൃഷ്ടിച്ചതായും സോഷ്യൽ മീഡിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.

പ്രമേയം ആവശ്യമായ സാങ്കേതിക മികവോടെ അവതരിപ്പിച്ചിരിക്കുന്നതും ചിത്രത്തിന്റെ പ്രധാന ശക്തിയായി വിലയിരുത്തപ്പെടുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പുറമെ നയൻതാര, രേവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന, സെറിൻ ഷിഹാബ് എന്നിവരുടേയും പ്രകടനങ്ങൾ ശ്രദ്ധേയമാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

സുഷിൻ ശ്യാം ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ അനുഭവത്തെ കൂടുതൽ ശക്തമാക്കുന്ന ഘടകങ്ങളായി മാറിയിട്ടുണ്ട്. ഓരോ രംഗത്തെയും പ്രേക്ഷക മനസിൽ പതിപ്പിക്കുന്നതിൽ സംഗീതത്തിന് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തൽ.

മഹേഷ് നാരായണന്റെ കഥ, തിരക്കഥ, സംവിധാനമെന്നിങ്ങനെ എല്ലാ തലങ്ങളിലും ചിത്രം മികച്ച നിലവാരം പുലർത്തുന്നതായും വിലയിരുത്തപ്പെടുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫും കെ ജി അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മനുഷ് നന്ദൻ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചത് മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ്.

You may also like