Home Top Storiesനവകേരള യാത്ര ആക്രമണക്കേസ്: അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ സാധ്യത, എംആർ അജിത്കുമാറിനെതിരെയും മൊഴി

നവകേരള യാത്ര ആക്രമണക്കേസ്: അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ സാധ്യത, എംആർ അജിത്കുമാറിനെതിരെയും മൊഴി

by news_desk1
0 comments

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് സൂചന. ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ എസ്. സന്ദീപ്, അകമ്പടി വാഹനത്തിലെ പൊലീസുകാർ ആയ അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്താനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

സംഭവത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനോടും വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർനടപടികളിലേക്ക് കടക്കാനാണ് നീക്കം. വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടും കേസെടുക്കുന്നത് പരിഗണനയിലുണ്ട്. എസ്‌ഐടി തലവൻ എസ്.പി ഷൗക്കത്തലി ഇടക്കാല റിപ്പോർട്ടിലെ വിവരങ്ങൾ ഡിജിപിയെ അറിയിച്ചതായാണ് വിവരം. വിശദമായ റിപ്പോർട്ട് ഉടൻ കൈമാറും.

ഇതിനിടെ ഗൺമാൻമാരായ സന്ദീപും അനിൽകുമാറും ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിനിടെയാണ് ഇടപെട്ടതെന്നാണ് ഹർജിയിലെ വിശദീകരണം. പ്രതിഷേധം നിയന്ത്രിക്കാൻ മതിയായ പൊലീസ് സാന്നിധ്യമില്ലായിരുന്നുവെന്നും മന്ത്രിമാരുടെ വാഹനവ്യൂഹത്തിന് പിന്നാലെ പ്രതിഷേധക്കാർ ഓടിയതിനെ തടയാനാണ് ശ്രമിച്ചതെന്നും ഹർജിയിൽ പറയുന്നു. അറസ്റ്റ് ചെയ്ത് റിമാൻഡിലായാൽ ജോലി നഷ്ടമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജാമ്യാപേക്ഷ 26ന് കോടതി പരിഗണിക്കും.

അതേസമയം കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ ഗുരുതര മൊഴിയും പുറത്തുവന്നു. മുൻ അന്വേഷണ ഉദ്യോഗസ്ഥരാണ് എസ്‌ഐടിക്ക് മൊഴി നൽകിയത്. വയനാട് ദുരന്തസമയത്ത് റിപ്പോർട്ട് നൽകാൻ എഡിജിപി സമ്മർദം ചെലുത്തിയെന്നും ബഹളത്തിനിടയിൽ സംഭവം ശ്രദ്ധിക്കപ്പെടില്ലെന്ന് പറഞ്ഞതായും മൊഴിയിൽ പറയുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

You may also like