Home WORLD CUP 26ബ്രസീലിന് ആശ്വാസം; സൂപ്പർ താരം നെയ്മർ പരിക്കുമാറി തിരിച്ചെത്തുന്നു, സ്കോട്ട്‌ലൻഡിനെതിരെ ബൂട്ടണിയും

ബ്രസീലിന് ആശ്വാസം; സൂപ്പർ താരം നെയ്മർ പരിക്കുമാറി തിരിച്ചെത്തുന്നു, സ്കോട്ട്‌ലൻഡിനെതിരെ ബൂട്ടണിയും

by news_desk
0 comments

2026 ഫിഫ ലോകകപ്പിൽ നോക്കൗട്ട് യോഗ്യത ലക്ഷ്യമിടുന്ന അഞ്ച് തവണത്തെ ലോകചാമ്പ്യന്മാരായ ബ്രസീലിന് വൻ ആശ്വാസ വാർത്ത. ഗ്രൂപ്പ് സിയിലെ ഏറ്റവും നിർണായകമായ അവസാന മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ സൂപ്പർ താരം നെയ്മർ കളിക്കളത്തിലിറങ്ങുമെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. കഴിഞ്ഞ മെയ് 17ന് സാന്റോസിന് വേണ്ടി കളിക്കുന്നതിനിടെ വലതുകാലിന് പരിക്കേറ്റ 34-കാരനായ നെയ്മർക്ക് ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായിരുന്നു. മൊറോക്കോ, ഹെയ്തി എന്നിവർക്കെതിരായ മത്സരങ്ങളിൽ താരത്തിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല.

ഹെയ്തിക്കെതിരായ തകർപ്പൻ വിജയത്തിന് ശേഷം സംസാരിക്കവെയാണ് നെയ്മറുടെ പരിക്ക് പൂർണ്ണമായി ഭേദമായി വരികയാണെന്നും താരം ടീമിനൊപ്പം മുഴുവൻ സമയ പരിശീലനത്തിന് ഇറങ്ങുമെന്നും ആഞ്ചലോട്ടി വ്യക്തമാക്കിയത്. “നെയ്മർ നാളെ വ്യക്തിഗത പരിശീലനം നടത്തും, തിങ്കളാഴ്ച മുതൽ ടീമിനൊപ്പം ചേരും. സ്കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാനാകും,” പരിശീലകൻ പറഞ്ഞു. ലോകകപ്പ് ടീമിനൊപ്പം ചേർന്നതിനുശേഷം നെയ്മർ ഇതുവരെ ഒരു മുഴുവൻ സമയ പരിശീലന സെഷനിലും പങ്കെടുത്തിരുന്നില്ല.

പരിക്കിന്റെ അവസ്ഥ വിലയിരുത്തുന്നതിനായി ഈ ആഴ്ച ആദ്യം അദ്ദേഹം വിശദമായ മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകുകയും പ്രത്യേക പരിശീലന പരിപാടികൾ പിന്തുടരുകയുമായിരുന്നു. മൊറോക്കോയ്ക്കെതിരായ ആദ്യ മത്സരത്തിൽ മുൻ ബാഴ്സലോണ, പിഎസ്ജി താരം കൂടിയായ നെയ്മറെ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കളത്തിലിറക്കിയിരുന്നില്ല. പരിക്കിനെത്തുടർന്ന് മൂന്നാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്ന് കരുതിയിരുന്നതിനാൽ ഹെയ്തിക്കെതിരായ മത്സരത്തിന് മുന്നോടിയായി നെയ്മർ ന്യൂജേഴ്സിയിൽ തന്നെ തുടരുകയായിരുന്നു.

ഏറ്റവും നിർണായകമായ സമയത്താണ് നെയ്മറുടെ ഈ തിരിച്ചുവരവ് എന്നത് ബ്രസീൽ ക്യാമ്പിന് ഊർജ്ജം പകരുന്നു. കാരണം, ഹെയ്തിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽത്തന്നെ പരിക്കേറ്റതിനെ തുടർന്ന് ബ്രസീലിന്റെ മറ്റൊരു മുന്നേറ്റനിര താരം റഫീഞ്ഞയെ പിൻവലിക്കേണ്ടി വന്നിരുന്നു. ഹാംസ്ട്രിങ്ങിനാണ് താരത്തിന് പരിക്കേറ്റതെന്നാണ് സൂചന. ഈ ബാഴ്സലോണ വിംഗറുടെ പരിക്കിന്റെ വ്യാപ്തി വ്യക്തമല്ലെന്നും കൂടുതൽ മെഡിക്കൽ പരിശോധനകൾക്ക് ശേഷമേ അന്തിമവിവരം അറിയാനാകൂ എന്നും ആഞ്ചലോട്ടി കൂട്ടിച്ചേർത്തു.

You may also like