അമൃത്സർ: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യൻ താരം അഭിഷേക് ശർമ. അമൃത്സറിലെ ഗാന്ധി ഗ്രൗണ്ട്സിൽ നടന്ന പഞ്ചാബ് സ്റ്റേറ്റ് ഇന്റർ ഡിസ്ട്രിക്റ്റ് സീനിയർ വൺ ഡേ ലിമിറ്റഡ് ഓവർ ടൂർണമെന്റിലാണ് ഇടംകൈയൻ ബാറ്ററുടെ റെക്കോർഡ് പ്രകടനം പിറന്നത്. ടാൻ തരണ് എതിരായ മത്സരത്തിൽ അമൃത്സറിനു വേണ്ടി ഇറങ്ങിയ അഭിഷേക് വെറും 91 പന്തിൽ നിന്ന് 233 റൺസാണ് അടിച്ചുകൂട്ടിയത്. 25-ാം ഓവറിൽ താരം മൈതാനം വിടുമ്പോൾ ടീം സ്കോർ ബോർഡിൽ ഇതിനോടകം വൻ കുതിപ്പ് നേടിയിരുന്നു.
15 ഫോറുകളും 25 കൂറ്റൻ സിക്സുകളും അടങ്ങിയതായിരുന്നു അഭിഷേകിന്റെ ഇരട്ട സെഞ്ചുറി ഇന്നിങ്സ്. 256 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു ബാറ്റിംഗ്. സിക്സുകളിൽ നിന്ന് മാത്രം താരം 150 റൺസാണ് നേടിയത്. ആകെ അടിച്ചുകൂട്ടിയ 233 റൺസിൽ 210 റൺസും ബൗണ്ടറികളിലൂടെ മാത്രമായിരുന്നു. ഓപ്പണിങ് പങ്കാളിയായ അഭയ് ചൗദരിക്കൊപ്പം ചേർന്ന് 305 റൺസിന്റെ ഭീമൻ കൂട്ടുകെട്ടാണ് അഭിഷേക് പടുത്തുയർത്തിയത്. ആകെ 533 റൺസാണ് അമൃത്സർ സ്കോർ ബോർഡിൽ എത്തിച്ചത്. കരിയറിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അന്താരാഷ്ട്ര താരത്തിന്റെ ശക്തമായ തിരിച്ചുവരവായിട്ടാണ് ഈ ഇന്നിങ്സ് വിലയിരുത്തപ്പെടുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയൊരു മത്സരത്തിലെ പ്രകടനമാണിതെങ്കിലും, അഭിഷേകിനെ സംബന്ധിച്ചിടത്തോളം ഈ ഇന്നിങ്സിന് ഏറെ മാനസിക പ്രാധാന്യമുണ്ട്. 2026 ടി20 ലോകകപ്പ് നേടിത്തന്ന സഞ്ജു സാംസണ് ശേഷം ഇന്ത്യൻ ജഴ്സിയിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ലെന്ന ചർച്ചകൾക്കിടെയാണ് അഭിഷേകിന്റെ ഈ പ്രകടനം. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ പീക്ക് ഫോമിന്റെ നിഴൽപോലും ആകാൻ കഴിയാതെ വിഷമിക്കുകയാണ് താരം. കഴിഞ്ഞ പത്ത് ഇന്നിങ്സുകളിൽ നിന്ന് ഒരു അർദ്ധ സെഞ്ചുറി മാത്രമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. സഞ്ജുവിനെപ്പോലെയുള്ള താരങ്ങൾക്ക് ലഭിക്കാത്ത പരിഗണന എന്തുകൊണ്ട് അഭിഷേകിന് ലഭിക്കുന്നുവെന്ന ചോദ്യം മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇതിനോടകം ഉയർത്തിക്കഴിഞ്ഞു.
സിംബാബ്വെ പര്യടനത്തിൽ ഒന്നര, എട്ട്, രണ്ട് എന്നിങ്ങനെയായിരുന്നു അഭിഷേകിന്റെ സ്കോറുകൾ. ഇംഗ്ലണ്ടിനെതിരെ 59, 43, 10, 16, മൂന്ന് എന്നിങ്ങനെയും, അയർലൻഡിനെതിരെ രണ്ട് ഇന്നിങ്സുകളിൽ നിന്ന് 49 റൺസും ഒരു ഗോൾഡൻ ഡക്കുമാണ് താരം നേടിയത്. സിംബാബ്വെക്കെതിരായ മൂന്ന് ടി20 മത്സരങ്ങളിലും പത്ത് പന്തുകൾ പോലും അതിജീവിക്കാൻ ഓപ്പണർക്ക് കഴിഞ്ഞിരുന്നില്ല. ഷോട്ട് സെലക്ഷനിലെ പിഴവുകളും ആത്മവിശ്വാസക്കുറവും താരത്തിന്റെ പ്രകടനങ്ങളിൽ പ്രകടമായിരുന്നു. യുവതാരം വൈഭവ് സൂര്യവംശി ഓപ്പണിങ് സ്ഥാനത്തേക്ക് ശക്തമായി കടന്നുവരുന്നതിനിടെയാണ് അഭിഷേകിന്റെ ഫോമിലെ ഈ ഇടിവ് എന്നത് ശ്രദ്ധേയമാണ്.
എസ്ട്രാ പേസും ചെറിയ തോതിൽ മൂവ്മെന്റും ലഭിക്കുന്ന പിച്ചുകൾ അഭിഷേകിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. ബാറ്റിങ്ങിന് പൂർണ്ണമായും അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ താരത്തിന് സാധിക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്. ഐപിഎല്ലിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും സ്ഥിരത പുലർത്താൻ സാധിച്ചിരുന്നില്ല. അന്താരാഷ്ട്ര തലത്തിൽ കളിച്ച കഴിഞ്ഞ 18 ഇന്നിങ്സുകളിൽ 7 തവണയും അഞ്ച് റൺസിൽ താഴെയാണ് താരം പുറത്തായത്. മൂന്ന് അർദ്ധ സെഞ്ചുറികൾ മാത്രമാണ് ഈ കാലയളവിൽ നേടാനായത്. സ്ട്രൈക്ക് റേറ്റിലും ബാറ്റിംഗ് ശരാശരിയിലും വലിയ ഇടിവാണ് കരിയറിൽ സംഭവിച്ചത്.
കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നതിനിടയിലാണ് ഈ പ്രാദേശിക ടൂർണമെന്റിലൂടെ അഭിഷേക് തന്റെ താളം വീണ്ടെടുത്തിരിക്കുന്നത്. ലിസ്റ്റ് എ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടില്ലെങ്കിലും, ടീം ടോട്ടലിന്റെ 44 ശതമാനവും സ്വന്തം ബാറ്റിൽ നിന്ന് നേടി തന്റെ ആക്രമണോത്സുക ബാറ്റിംഗ് ശൈലി മങ്ങിയിട്ടില്ലെന്ന് തെളിയിക്കാൻ താരത്തിനായി. ഈ ഇന്നിങ്സ് നൽകുന്ന ആത്മവിശ്വാസം വരാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീമിലെ തന്റെ സ്ഥാനം നിലനിർത്താനും അഭിഷേകിനെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

