Home Top Storiesകോഴിക്കോട് കോൺഗ്രസിൽ അതൃപ്തി പുകയുന്നു; ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട് കോൺഗ്രസിൽ അതൃപ്തി പുകയുന്നു; ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

by news_desk
0 comments

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സ്ഥാനമാനങ്ങൾ രാജിവെച്ചു. ഇതുസംബന്ധിച്ച രാജിക്കത്ത് അദ്ദേഹം കെപിസിസി നേതൃത്വത്തിന് കൈമാറി. തിരഞ്ഞെടുപ്പിന് ശേഷവും പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾ അവസാനിക്കുന്നില്ലെന്ന സൂചനയാണ് നിജേഷിന്റെ രാജി നൽകുന്നത്.

ബേപ്പൂർ, എലത്തൂർ മണ്ഡലങ്ങളിലൊന്നിലേക്ക് സ്ഥാനാർത്ഥിയായി നിജേഷിനെ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അന്തിമ പട്ടികയിൽ ഇടം ലഭിക്കാത്തതിനെത്തുടർന്ന് അദ്ദേഹം അതൃപ്തിയിലായിരുന്നു. ഈ ഘട്ടത്തിൽ ബാലുശ്ശേരി മണ്ഡലത്തിന്റെ പ്രചാരണ ചുമതല നൽകാമെന്ന് പാർട്ടി നേതൃത്വം ഉറപ്പുനൽകിയിരുന്നെങ്കിലും അവിടെയും അർഹമായ പരിഗണന ലഭിച്ചില്ലെന്ന് നിജേഷ് പക്ഷം ആരോപിക്കുന്നു. ഇതേത്തുടർന്നാണ് പാർട്ടി പദവികൾ ഒഴിയാൻ അദ്ദേഹം തീരുമാനിച്ചത്.

അതേസമയം, സ്ഥാനമാനങ്ങൾ രാജിവെച്ചെങ്കിലും താൻ മറ്റൊരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് നിജേഷ് അരവിന്ദ് മാധ്യമങ്ങളോട് വ്യക്തമാക്കി. താൻ എന്നും കോൺഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജില്ലയിലെ പ്രമുഖ നേതാക്കളിലൊരാൾ പദവി ഒഴിഞ്ഞത് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.

You may also like