Home Keralaമുഖ്യമന്ത്രിയെ കാണാന്‍ സമയം നല്‍കിയില്ല; വി ഡി സതീശന്‍ അഹങ്കാരിയെന്ന് ജി സുകുമാരന്‍ നായര്‍, രൂക്ഷ വിമര്‍ശനം

മുഖ്യമന്ത്രിയെ കാണാന്‍ സമയം നല്‍കിയില്ല; വി ഡി സതീശന്‍ അഹങ്കാരിയെന്ന് ജി സുകുമാരന്‍ നായര്‍, രൂക്ഷ വിമര്‍ശനം

by news_desk1
0 comments

കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സതീശന്‍ വിചാരിച്ചാല്‍ എന്‍എസ്എസിനെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും എന്‍എസ്എസ് വിചാരിച്ചാല്‍ പലതും ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ രണ്ടുതവണ അനുമതി തേടിയിട്ടും സമയം അനുവദിച്ചില്ലെന്നും സതീശന്‍ അഹങ്കാരിയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. എന്‍എസ്എസ് ബജറ്റ് യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് കെ ബി ഗണേഷ് കുമാറിനെ ഒഴിവാക്കിയ വിഷയത്തിലും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ജനാധിപത്യ മര്യാദകള്‍ പാലിച്ചാണ് തീരുമാനം എടുത്തതെന്ന ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘വര്‍ഷങ്ങളായി പദവികള്‍ ലഭിക്കാത്തവര്‍ക്ക് അവസരം നല്‍കേണ്ടതുണ്ട്. ഓരോ താലൂക്കിലെയും പ്രവര്‍ത്തനം വിലയിരുത്തിയാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ചിലപ്പോള്‍ രണ്ടുപേരെയോ മൂന്നുപേരെയോ മാറ്റാറുണ്ട്. ഇത്തവണ ഒരാളെയാണ് മാറ്റിയത്,’ സുകുമാരന്‍ നായര്‍ പറഞ്ഞു.

കാലാവധി പൂര്‍ത്തിയായതിനാലാണ് കെ ബി ഗണേഷ് കുമാറിനെ വീണ്ടും ഡയറക്ടര്‍ ബോര്‍ഡിലേക്ക് പരിഗണിക്കാതിരുന്നതെന്നും പുറത്താക്കിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷങ്ങളായി ബോര്‍ഡില്‍ അവസരം ലഭിക്കാത്തവര്‍ക്കും സ്ഥാനങ്ങള്‍ നല്‍കേണ്ടതുണ്ട്. പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ആളുകളെ മാറ്റുന്നതെന്നും പരാതിയുണ്ടെങ്കില്‍ ഗണേഷ് കുമാറിന് നിയമനടപടികളിലേക്ക് പോകാമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മരിക്കുന്നതുവരെ ഒരു സ്ഥാനത്ത് തുടരുന്ന ആളല്ല താനെന്ന് കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു. അംഗത്വം പുതുക്കാത്തതില്‍ യാതൊരു പ്രശ്നവുമില്ലെന്നും അംഗത്വം പുതുക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനത്തിനുവേണ്ടിയല്ല എന്‍എസ്എസില്‍ പ്രവര്‍ത്തിച്ചതെന്നും ജനറല്‍ സെക്രട്ടറിയെ പിന്തുണയ്ക്കുന്ന ആളാണ് താനെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

You may also like