തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച സംഭവത്തിൽ ഗുരുതര നടപടിക്രമ ലംഘനങ്ങൾ ഉണ്ടായതായി കണ്ടെത്തൽ. പരോൾ അനുവദിക്കുന്നതിന് മുമ്പ് നിർബന്ധമായും തേടേണ്ട ജില്ലാ പ്രൊബേഷൻ ഓഫീസറുടെയും പ്രാദേശിക പൊലീസിന്റെയും വിശദ റിപ്പോർട്ടുകൾ ശേഖരിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
പ്രാദേശിക തലത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന വിലയിരുത്തലും നടത്തിയില്ലെന്നാണ് സൂചന. ജയിൽ വകുപ്പ് നേരിട്ടാണ് പരോൾ അനുവദിച്ചതെന്നാണ് വിവരം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി എന്നായിരുന്നു വിശദീകരണം. എന്നാൽ കോടതി നിർദേശിച്ചത് പരോൾ സംബന്ധിച്ച വ്യവസ്ഥകളിലെ മാറ്റം മാത്രമാണെന്ന നിലപാടും ഉയരുന്നുണ്ട്.
സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് തേടി. പരോൾ അനുവദിച്ച നടപടിക്രമങ്ങൾ, അതിന്റെ അടിസ്ഥാന രേഖകൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്ക് എന്നിവ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഈ പരോൾ നടപടികൾക്ക് അനുമതി നൽകിയതെന്ന വിവരവും ശ്രദ്ധ നേടുന്നുണ്ട്.
2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയയിൽ സംസ്ഥാനത്തെ നടുക്കിയ ഇരട്ടക്കൊല നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും ബൈക്കിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും പിന്നീട് മരണപ്പെട്ടു.
കേസിൽ പീതാംബരൻ ഉൾപ്പെടെ പത്ത് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ദീർഘകാല വിചാരണയ്ക്കൊടുവിലായിരുന്നു വിധി. മറ്റു പത്ത് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു.

