തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചതായാണ് സൂചന. ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കാന്‍ രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് രാജി സംബന്ധിച്ച നിലപാട് ചെന്നിത്തല വ്യക്തമാക്കിയതെന്നാണ് വിവരം.
തുടര്‍ച്ചയായ അവഗണന ഇനി സഹിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധിയോട് ചെന്നിത്തല പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. രാജിക്കത്ത് തയ്യാറാക്കാന്‍ ഓഫീസ് സംഘത്തിന് നിര്‍ദേശം നല്‍കിയതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഗുരുവായൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന ചെന്നിത്തല, പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പിന്തുണക്കുന്ന നേതാക്കളെയും തലസ്ഥാനത്തേക്ക് വിളിപ്പിച്ചതായാണ് വിവരം. അതേസമയം, ചെന്നിത്തല രാജിവെക്കുന്നതില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഹൈക്കമാന്‍ഡ് അനുനയനീക്കങ്ങള്‍ ശക്തമാക്കാനാണ് സാധ്യത.
ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ നല്കി സമവായം കണ്ടെത്താന്‍ ശ്രമം നടക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കൂടാതെ, ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, പി ജെ വിനോദ് എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ടുവെക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ചെന്നിത്തല കടുത്ത അതൃപ്തിയിലായിരുന്നു. തീരുമാനം അറിയിച്ചതിന് ശേഷം അദ്ദേഹം കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെയാണ് മടങ്ങിയത്. പിന്നീട് വി ഡി സതീശന് പിന്തുണ അറിയിച്ച് കത്ത് നല്‍കിയിരുന്നു.
സീനിയോരിറ്റി പരിഗണിക്കാതെയാണ് മുഖ്യമന്ത്രി തീരുമാനം ഉണ്ടായതെന്ന വികാരമാണ് ചെന്നിത്തല പക്ഷത്തിന് ഉള്ളത്. അതേസമയം, ഗുരുവായൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ച ചെന്നിത്തല, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകള്‍ നേര്‍ന്നിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ സതീശനൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

