കേരളത്തിന്റെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരത്തിലെത്തുമ്പോൾ അത് ഒരു സാധാരണ ഭരണപരിവർത്തനം മാത്രമല്ല. ഒരു രാഷ്ട്രീയ മനോഭാവത്തിന്റെ മാറ്റത്തിനും ജനപ്രതീക്ഷയുടെ പുനരുജ്ജീവനത്തിനും തുടക്കമാകുകയാണ്. മന്ത്രിപദത്തിന്റെ പരിചയസമ്പത്തില്ലാതെ മുഖ്യമന്ത്രിപദത്തിലെത്തുന്ന അപൂർവ രാഷ്ട്രീയ യാത്രയാണ് സതീശന്റേത്. അതുകൊണ്ടുതന്നെ ഈ ഉയർച്ച വ്യക്തിപരമായ വിജയത്തേക്കാൾ വലിയൊരു ജനവിധിയുടെ രാഷ്ട്രീയ സന്ദേശമാണ്. പത്ത് വർഷം നീണ്ട ഇടത് ഭരണത്തിന് ശേഷം കേരളം യു.ഡി.എഫിന് കൈമാറിയ 102 സീറ്റുകളുടെ മഹാഭൂരിപക്ഷം ഒരു സാധാരണ തെരഞ്ഞെടുപ്പ് വിജയം അല്ല. അത് ഭരണത്തോടുള്ള ജനങ്ങളുടെ അസ്വസ്ഥതയും മാറ്റത്തിനായുള്ള കാത്തിരിപ്പും ഒരുമിച്ചുചേർന്ന ശക്തമായ പ്രതികരണമാണ്. ആ ജനവികാരത്തെ രാഷ്ട്രീയ ഊർജമായി മാറ്റാൻ കഴിഞ്ഞതിൽ സതീശന്റെ നേതൃത്വത്തിനും ‘ടീം യു.ഡി.എഫ്’ എന്ന ആശയത്തിനും വലിയ പങ്കുണ്ടായിരുന്നു.
തോൽവികളിൽ മടുത്തിരുന്ന കോൺഗ്രസ് പ്രവർത്തകരിൽ വീണ്ടും ആത്മവിശ്വാസം തിരികെ കൊണ്ടുവന്നതും അതേ നേതൃത്വം തന്നെയാണ്. എന്നാൽ വിജയത്തേക്കാൾ കഠിനമാണ് ഭരണത്തിന്റെ പരീക്ഷണം. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് പതിനൊന്ന് ദിവസം മുഖ്യമന്ത്രിയെ പോലും തീരുമാനിക്കാനാകാതെ നീണ്ടുനിന്ന ആശയക്കുഴപ്പം കോൺഗ്രസിന്റെ പഴയ ദൗർബല്യങ്ങളെ വീണ്ടും പുറത്തുകൊണ്ടുവന്നു. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകൾ ഉയർന്നതോടെ അധികാരവടംവലി തുറന്ന രാഷ്ട്രീയ ചർച്ചയായി മാറി. ഒടുവിൽ ഹൈക്കമാൻഡ് സതീശനിൽ വിശ്വാസം അർപ്പിച്ചെങ്കിലും അസംതൃപ്തിയുടെ തീ അണഞ്ഞുവെന്ന് കരുതാനാകില്ല. പുതിയ സർക്കാരിന് മുന്നിലുള്ള വെല്ലുവിളികൾ ചെറുതല്ല. സാമ്പത്തിക പ്രതിസന്ധി, കേന്ദ്ര അവഗണന, വികസന മുരടിപ്പ്, തൊഴിൽ ക്ഷാമം, വിലക്കയറ്റം, ആരോഗ്യമേഖലയിലെ സമ്മർദങ്ങൾ- എല്ലാം ഒരുമിച്ച് മറികടക്കേണ്ട കാലഘട്ടമാണ് ഇത്. മഹാപ്രളയവും മഹാമാരിയും അതിജീവിച്ച കേരളം ഇപ്പോൾ പ്രതീക്ഷയോടെ പുതിയ ഭരണത്തെ നോക്കുകയാണ്.
ഈ സർക്കാർ വിജയിക്കണമെങ്കിൽ ജനവിധിയുടെ ആത്മാവ് തിരിച്ചറിയണം. പ്രതികാര രാഷ്ട്രീയവും അഹങ്കാരവും ഒഴിവാക്കി കേൾവിയുടെ രാഷ്ട്രീയമാണ് ഉയരേണ്ടത്. മുൻ സർക്കാരുകളുടെ നല്ല പദ്ധതികളെ തള്ളിക്കളയാതെ തുടരണം. വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കണം. ജനങ്ങളുടെ ജീവിതം മാറുന്ന തീരുമാനങ്ങളാകണം സർക്കാരിന്റെ യഥാർഥ മുഖം.അതിനൊപ്പം തന്നെ അധികാരത്തിന്റെ ചുറ്റുപാടുകളിൽ പതിയിരിക്കുന്ന ഗ്രൂപ്പ് രാഷ്ട്രീയവും വ്യക്തിപരമായ അജണ്ടകളും നിയന്ത്രിക്കപ്പെടണം. പത്ത് വർഷം യു.ഡി.എഫിനെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തിയ വലിയ രോഗം അതായിരുന്നു. ഭരണത്തെക്കാൾ ഗ്രൂപ്പിനെ വലുതാക്കുന്ന പ്രവണത വീണ്ടും തലപൊക്കിയാൽ ജനങ്ങൾ നൽകിയ മഹാഭൂരിപക്ഷം ചരിത്രത്തിലെ ഏറ്റവും വലിയ മുന്നറിയിപ്പായി മാറാനും സമയം വേണ്ടിവരില്ല. ഇന്ന് കേരളം കാത്തിരിക്കുന്നത് ഒരു മുഖ്യമന്ത്രിയെ മാത്രമല്ല, വിശ്വാസം വീണ്ടെടുക്കുന്ന ഒരു ഭരണശൈലിയെയാണ്. ജനങ്ങളുടെ പ്രതീക്ഷയെ അധികാരത്തിന്റെ കസേരയിലിരുത്താതെ ഭരണത്തിന്റെ ഹൃദയത്തിലിരുത്താൻ വി.ഡി. സതീശന് കഴിയുമോ എന്നതാണ് ഇനി ചരിത്രം ചോദിക്കാൻ പോകുന്ന ഏറ്റവും വലിയ ചോദ്യം.

