Home Keralaജൂൺ ഒന്നിന് സ്കൂൾ തുറക്കും; പുതിയ അധ്യയന വർഷം വൻ വിജയമാക്കുമെന്ന് എൻ ഷംസുദ്ദീൻ

ജൂൺ ഒന്നിന് സ്കൂൾ തുറക്കും; പുതിയ അധ്യയന വർഷം വൻ വിജയമാക്കുമെന്ന് എൻ ഷംസുദ്ദീൻ

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. പുതിയ അധ്യയന വർഷത്തിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

സ്കൂൾ പ്രവേശനോത്സവം ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി. കുട്ടികളെ വരവേൽക്കുന്നതിനായി സംസ്ഥാനത്തുടനീളം വിപുലമായ പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളുകളും പരിസര പ്രദേശങ്ങളും പൂർണമായും ശുചീകരിക്കാനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, പി.ടി.എകൾ എന്നിവരുടെ സഹകരണത്തോടെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഒന്നാംഘട്ട പാഠപുസ്തക വിതരണം ഇതിനകം 80 ശതമാനത്തിലധികം പൂർത്തിയായതായും ശേഷിക്കുന്ന പുസ്തകങ്ങൾ മെയ് 31നകം വിദ്യാർത്ഥികളിലെത്തിക്കാനാണ് നിർദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാലയ പരിസരങ്ങളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും കുട്ടികളുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രധാന പരിഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു. അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പൊതുസമൂഹവും ഒരുമിച്ച് പ്രവർത്തിച്ചാൽ ഈ അധ്യയന വർഷവും മികച്ച വിജയമാക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിദ്യാഭ്യാസ വകുപ്പ് എൻ ഷംസുദ്ദീൻ കൈകാര്യം ചെയ്യുമെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. യുഡിഎഫ് ധാരണപ്രകാരം വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിനാണ് ലഭിച്ചിരിക്കുന്നത്. മണ്ണാർക്കാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗ് നേതാവാണ് എൻ ഷംസുദ്ദീൻ.

You may also like