കണ്ണൂര്‍: പയ്യന്നൂരിലെ സിപിഐഎം സംഘടനയ്ക്കുള്ളിലെ അഭിപ്രായ ഭിന്നതകള്‍ വീണ്ടും പൊതുവേദിയിലേക്ക് എത്തിയതായി സൂചന. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏരിയാ നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയും ഏരിയാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടു. ഇതോടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത വീണ്ടും ചര്‍ച്ചയാകുകയാണ്.
ഫ്ളക്സ് ബോര്‍ഡുകളില്‍ “നിങ്ങള്‍ തോല്‍പ്പിച്ചത് ഒരു വ്യക്തിയെയല്ല, പ്രസ്ഥാനത്തെയാണ്” എന്ന വാചകമാണ് പ്രധാനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും നിലവിലെ ഏരിയാ നേതൃത്വത്തിന്റെ പ്രവര്‍ത്തനരീതിക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സന്ദേശങ്ങളിലുള്ള ആവശ്യം.
ഏരിയാ സെക്രട്ടറി പി. സന്തോഷ്, മുന്‍ എംഎല്‍എ സി. കൃഷ്ണന്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിന് ശശി എന്നിവര്‍ക്കെതിരെയും ഫ്ളക്സുകളില്‍ പരാമര്‍ശങ്ങളുണ്ടെന്നാണ് വിവരം. ജില്ലാ കമ്മിറ്റി ശക്തമായി ഇടപെട്ടില്ലെങ്കില്‍ പയ്യന്നൂരില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും ആരോപണം ഉയര്‍ത്തുന്നു.
‘സേവ് സിപിഐഎം’ എന്ന പേരിലാണ് പുതിയ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നേതാക്കളെ അനുകൂലിച്ചും പിന്തുണ പ്രഖ്യാപിച്ചും സമാന രീതിയിലുള്ള ഫ്ളക്സുകള്‍ ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സംഘടനാ നേതൃത്വത്തിനെതിരെ നേരിട്ടുള്ള വിമര്‍ശനവുമായി പുതിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
മുന്‍പ് വി. കുഞ്ഞികൃഷ്ണന് അനുകൂലമായും പി. ജയരാജന് പിന്തുണ പ്രഖ്യാപിച്ചും ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫ്ളക്സ് സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന പാര്‍ട്ടി നിര്‍ദേശം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍ ശ്രദ്ധേയമാകുന്നത്.
പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ പരസ്യരൂപം കൈക്കൊള്ളുന്ന സാഹചര്യത്തില്‍ നേതൃത്വം സ്വീകരിക്കുന്ന നിലപാടാണ് ഇനി രാഷ്ട്രീയമായി നിര്‍ണായകമാകുക.

