കേരളത്തിന് എയിംസ് അനുവദിക്കാത്തതിന് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന ന്യായം കേൾക്കുമ്പോൾ ആദ്യം തോന്നുക അത്ഭുതമാണ്. കേരളത്തിന്റെ ആരോഗ്യരംഗം മികച്ചതാണ്; അതിനാൽ ഇപ്പോൾ പരിഗണനയില്ല. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് മുൻഗണന. കേരളം ആരോഗ്യരംഗത്ത് മുന്നിലെത്തിയതാണ് എയിംസ് നിഷേധിക്കാനുള്ള കാരണമെങ്കിൽ, അത് ന്യായമല്ല; മറിച്ച് മികവിനെ ശിക്ഷിക്കുന്ന വിചിത്രമായ ഭരണന്യായമാണ്. കേരളത്തിന്റെ അർഹതയെ ചോദ്യം ചെയ്യുന്നതിനുപകരം, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യനീതി ഉറപ്പാക്കേണ്ട കേന്ദ്രസർക്കാർ തന്നെ ഈ വാദം ഉന്നയിക്കുന്നത് അതിലും ഗൗരവമുള്ളതാണ്. കേരള ഹൈക്കോടതിയിൽ കേന്ദ്രത്തിന്റെ നിലപാടിനെക്കുറിച്ച് ചീഫ് ജസ്റ്റിസ് സൗമൻ സെൻ ഉന്നയിച്ച ചോദ്യം പ്രസക്തമാണ്: കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നത് അയോഗ്യതയാണോ? ഈ ചോദ്യം കേരളത്തിന്റെ മാത്രം ആശങ്കയല്ല. രാജ്യത്ത് വിഭവങ്ങളും അവസരങ്ങളും വിതരണം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട നീതിയുടെയും തുല്യതയുടെയും അടിസ്ഥാനതത്വത്തെക്കുറിച്ചുള്ള ചോദ്യമാണത്. കേരളത്തിന് എയിംസ് എന്ന ആവശ്യം ഇന്നലെയുണ്ടായതല്ല. 2015ൽ പ്രഖ്യാപനമുണ്ടായതുമുതൽ സംസ്ഥാനം അതിനായി കാത്തിരിക്കുകയാണ്. സ്ഥലനിർണയത്തിനായി വിവിധ ജില്ലകൾ മുന്നോട്ടുവന്നു. ഒടുവിൽ കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ 200 ഏക്കറോളം ഭൂമി കണ്ടെത്തി കേരളം കേന്ദ്രത്തിന് മുന്നിൽ സമർപ്പിക്കുകയും ചെയ്തു. എന്നിട്ടും ഓരോ കേന്ദ്ര ബജറ്റിനുമുമ്പും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരളത്തിന് ലഭിക്കുന്നത് വീണ്ടും നിരാശ മാത്രം. ഇതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എയിംസ് സ്ഥാപനങ്ങൾ അനുവദിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അയൽ സംസ്ഥാനങ്ങൾക്ക് സമയബന്ധിതമായി ലഭിച്ച ഈ ദേശീയ ആരോഗ്യസ്ഥാപനം കേരളത്തിന് മാത്രം എന്തുകൊണ്ട് ഇനിയും അകലെയാണ് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കേന്ദ്രം നൽകേണ്ടതുണ്ട്. എയിംസ് ഒരു ആശുപത്രി മാത്രമല്ല. അത്യാധുനിക ചികിത്സയ്ക്കൊപ്പം മെഡിക്കൽ ഗവേഷണം, അധ്യാപനം, പരിശീലനം, വിദഗ്ധ ചികിത്സ, ആരോഗ്യപരിശോധന എന്നിവയുടെ സമഗ്ര കേന്ദ്രമാണ്. സാധാരണക്കാരന് സ്വകാര്യ ആശുപത്രികളുടെ അമിത ചികിത്സാചെലവിൽ നിന്ന് ഒരു വലിയ ആശ്വാസവുമാണ് ഇത്തരം സ്ഥാപനങ്ങൾ. കേരളം ആരോഗ്യരംഗത്ത് മുന്നിലാണ് എന്നത് സത്യമാണ്. എന്നാൽ അതിന്റെ മറുവശത്ത് കേരളീയ സമൂഹം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും ചെറുതല്ല. ക്യാൻസർ, വൃക്കരോഗങ്ങൾ, ഹൃദ്രോഗങ്ങൾ, പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങൾ വർധിച്ചുവരുന്നു. മികച്ച ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന കുടുംബങ്ങൾ നിരവധിയാണ്. അതിനാൽ കേരളത്തിന്റെ ആരോഗ്യരംഗത്തെ മികവ് എയിംസിന്റെ ആവശ്യം കുറയ്ക്കുന്നില്ല; മറിച്ച് കൂടുതൽ ശക്തമായ ഒരു ദേശീയ ആരോഗ്യസ്ഥാപനത്തിന് കേരളത്തെ അർഹമാക്കുകയാണ് ചെയ്യുന്നത്. കേരളത്തിന് എയിംസ് ലഭിച്ചാൽ അത് കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന് മാത്രമല്ല, ദക്ഷിണേന്ത്യയുടെ തന്നെ ആരോഗ്യരംഗത്തിന് വലിയ മുതൽക്കൂട്ടാകും. ഗവേഷണത്തിന്റെയും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയുടെയും പുതിയ വാതിലുകൾ തുറക്കും. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും ചേർന്ന് വലിയൊരു ആരോഗ്യ ശൃംഖലയ്ക്ക് അത് രൂപം നൽകുകയും ചെയ്യും. അപ്പോൾ ചോദിക്കേണ്ടത് മറ്റൊന്നാണ്: കേരളം മുന്നിലാണ് എന്ന പേരിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രം അവസരം നൽകുന്നത് എന്ത് തരത്തിലുള്ള വികസനനയമാണ്?. പിന്നാക്ക സംസ്ഥാനങ്ങളെ ഉയർത്തിക്കൊണ്ടുവരണം. അതിൽ തർക്കമില്ല. എന്നാൽ അതിന്റെ പേരിൽ മുന്നിലുള്ള സംസ്ഥാനങ്ങളുടെ അർഹത നിഷേധിക്കേണ്ടതില്ല. വികസനം ഒരു മത്സരമല്ല; രാജ്യത്തിന്റെ ഓരോ ഭാഗത്തിനും ലഭിക്കേണ്ട അവകാശമാണ്. കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയുടെ പട്ടികയിൽ എയിംസ് വിഷയം മാത്രം ഒറ്റപ്പെട്ടതല്ലെന്ന പൊതുബോധം ശക്തമാണ്. അതുകൊണ്ടുതന്നെ ഈ വിഷയം കേവലം ഒരു ആശുപത്രിക്കായുള്ള സംസ്ഥാനത്തിന്റെ ആവശ്യമെന്ന നിലയിൽ കാണാനാവില്ല. അർഹതയ്ക്കും തുല്യാവകാശത്തിനും വേണ്ടിയുള്ള കേരളത്തിന്റെ പോരാട്ടമാണിത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് ആരോഗ്യരംഗത്തെ ജനങ്ങളുടെ അവകാശങ്ങളെ ബലിയാടാക്കാൻ കഴിയില്ല. രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടാകാം. ഭരണകൂടങ്ങൾ മാറാം. പക്ഷേ ഒരു സംസ്ഥാനത്തെ ജനങ്ങളുടെ ചികിത്സയും ആരോഗ്യവും രാഷ്ട്രീയത്തിന്റെ അതിരുകൾക്കപ്പുറത്തുള്ള വിഷയമാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തെ മികവ് തന്നെ എയിംസ് നിഷേധിക്കാനുള്ള കാരണമാകുന്നുവെങ്കിൽ, ആ ന്യായം തിരുത്തപ്പെടണം. മികവിനെ ശിക്ഷിക്കുന്ന സമീപനം അവസാനിപ്പിക്കണം. കേരളത്തിന് എയിംസ് വേണം. അത് ദാനമല്ല; അർഹതയ്ക്കുള്ള അവകാശമാണ്. ആ അവകാശം നിഷേധിക്കുന്നത് കേരളത്തോട് മാത്രമല്ല, തുല്യനീതിയെന്ന ജനാധിപത്യ സങ്കൽപ്പത്തോടുതന്നെയുള്ള അനീതിയാണ്.
2
