വയനാട് കമ്മനയിലെ ആ മൺവീട്ടിൽനിന്ന് ഒരു കാലഘട്ടം വിടപറയുകയാണ്. ഒന്നര നൂറ്റാണ്ടിന്റെ ഓർമകൾ നെഞ്ചിലേറ്റിയ ഓലപ്പുരയുടെ നിശ്ശബ്ദതയിൽ ഇനി ഒരു കുറിച്യ കർഷകന്റെ കാൽപ്പെരുമാറ്റമുണ്ടാകില്ല. മുളങ്കുട്ടകളിലും മൺപാത്രങ്ങളിലും നിധിപോലെ സൂക്ഷിച്ച വിത്തുകളെ തൊട്ടുതലോടാൻ ആ കൈകളുണ്ടാകില്ല. മണ്ണിന്റെ മണവും നെല്ലിന്റെ ഗന്ധവും ജീവിതത്തിന്റെ ഭാഗമാക്കിയ പത്മശ്രീ ചെറുവയൽ രാമൻ ഓർമയാകുമ്പോൾ, നഷ്ടമാകുന്നത് ഒരു മനുഷ്യനെ മാത്രമല്ല; മണ്ണിനോട് മനുഷ്യൻ പുലർത്തേണ്ട സ്നേഹത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും ഒരു ജീവിതദർശനം കൂടിയാണ്. രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. എന്നാൽ രാമൻ ഡൽഹിയുടെ പത്മശ്രീ മാത്രമായിരുന്നില്ല. അദ്ദേഹം വയനാടിന്റെ നെല്ലച്ഛനായിരുന്നു; വിത്തച്ഛനായിരുന്നു. മണ്ണിൽ പിറന്ന് മണ്ണിനെ അറിഞ്ഞ്, വിത്തിൽ ഭാവിയെ കണ്ട കർഷകൻ. വിളവിന്റെ കണക്കുകൾക്കപ്പുറം കൃഷിയുടെ ആത്മാവിനെ തിരിച്ചറിഞ്ഞ മനുഷ്യൻ. കുറിച്യ തറവാട്ടിലെ കേളപ്പന്റെയും തേയിയുടെയും മകനായ രാമൻ, പതിനേഴാം വയസ്സിൽ അമ്മാവന്റെ മരണത്തെത്തുടർന്ന് കുടുംബത്തിന്റെ നാൽപ്പതേക്കർ പാടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ കേരളത്തിന്റെ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു. കൂടുതൽ വിളവ് നൽകുന്ന അത്യുൽപാദന വിത്തുകളും രാസവളങ്ങളും കീടനാശിനികളും കൃഷിയുടെ പുതിയ വഴികളായി അവതരിപ്പിക്കപ്പെട്ടു. ആ മാറ്റത്തിന്റെ ഒഴുക്കിനൊപ്പം നീങ്ങാൻ രാമൻ തയ്യാറായില്ല. കണ്ണൂർ ഡി.എം.ഒ. ഓഫീസിലെ സർക്കാർ ജോലി ഉപേക്ഷിച്ച് അദ്ദേഹം മണ്ണിലേക്ക് മടങ്ങി. അത് ഒരു ജോലി ഉപേക്ഷിക്കലായിരുന്നില്ല; തലമുറകളിലൂടെ കൈമാറിവന്ന കാർഷിക അറിവിനെയും പ്രകൃതിയോടിണങ്ങിയ കൃഷിരീതികളെയും ചേർത്തുപിടിക്കാനുള്ള തീരുമാനമായിരുന്നു.
വിപണിയുടെ ഭാഷയിൽ അതൊരു ചെറിയ തീരുമാനമായിരിക്കാം. എന്നാൽ കാലം തെളിയിച്ചത് അതൊരു നിശ്ശബ്ദ വിപ്ലവമായിരുന്നുവെന്നാണ്.
വയനാടിന്റെ മണ്ണിൽ തലമുറകളായി വളർന്ന നാടൻ നെൽവിത്തുകൾ അന്യംനിന്നുപോകാതിരിക്കാൻ രാമൻ നടത്തിയ പോരാട്ടം എത്ര വലിയതായിരുന്നുവെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. തൊണ്ടി, കരുത്തൻ, വെളുത്ത ചെമ്പാവ്, ഗന്ധകശാല, രക്തശാലി, കുനുമം കുളമ്പൻ… ഒരുകാലത്ത് കർഷകന്റെ ജീവിതത്തോടൊപ്പം വളർന്ന ഈ നെല്ലിനങ്ങളുടെ പേരുകൾ പോലും പുതിയ തലമുറയ്ക്ക് അപരിചിതമായിത്തുടങ്ങിയിരിക്കുന്നു. അവയുടെ വിത്തുകൾ മണ്ണിൽനിന്ന് മാഞ്ഞുപോയിരുന്നെങ്കിൽ നമ്മുടെ കാർഷിക ചരിത്രത്തിന്റെ എത്രയോ ഏടുകൾ എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്നു!. ആ നഷ്ടത്തിന്റെ വക്കിൽനിന്നാണ് ചെറുവയൽ രാമൻ വിത്തുകളെ വീണ്ടെടുത്തത്. ഓരോ വിത്തിലും ഒരു കാലത്തിന്റെ ഓർമയുണ്ടെന്നും ഓരോ നെൽവിത്തിനത്തിലും പ്രകൃതിയോടുള്ള മനുഷ്യന്റെ പൊരുത്തപ്പെടലിന്റെ ചരിത്രമുണ്ടെന്നും അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചു. മറ്റുള്ളവർക്ക് വെറും ധാന്യമണികളായി തോന്നിയവ അദ്ദേഹത്തിന് അമൂല്യമായ ജൈവസമ്പത്തായിരുന്നു. അതുകൊണ്ടാണ് മുളങ്കുട്ടകളിലും മൺപാത്രങ്ങളിലും വെയിലും മഞ്ഞുമേറ്റ് ആ വിത്തുകൾ അദ്ദേഹം കാത്തുസൂക്ഷിച്ചത്. അത് കേവലം കൃഷിയായിരുന്നില്ല; വരുംതലമുറയ്ക്കുവേണ്ടിയുള്ള കരുതലായിരുന്നു. വിത്ത് വിൽക്കുകയല്ല, വിത്തിന്റെ ജീവിതം തുടരാൻ സഹായിക്കുകയാണ് വേണ്ടതെന്ന് രാമൻ വിശ്വസിച്ചു. വിത്ത് ചോദിച്ചെത്തുന്നവരോട് അദ്ദേഹത്തിന് ഒരു വ്യവസ്ഥ മാത്രമേ ഉണ്ടായിരുന്നുള്ളൂ-അടുത്ത കൊയ്ത്തുകാലത്ത് അതേ അളവിൽ വിത്ത് തിരിച്ചുനൽകണം. പണംകൊണ്ട് അളക്കാനാവാത്ത ഒരു ബന്ധമായിരുന്നു അത്. കൃഷിയെ ലാഭത്തിന്റെ കണക്കുപുസ്തകത്തിൽനിന്ന് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെക്കലിന്റെയും ഇടമാക്കി മാറ്റിയ ജീവിതപാഠം. ഇന്ന് കൃഷി ചെലവുകളുടെയും വിലത്തകർച്ചയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ രാമന്റെ ജീവിതത്തിന് പുതിയ പ്രസക്തിയുണ്ട്. വയനാട് ഉൾപ്പെടെയുള്ള കേരളത്തിന്റെ മണ്ണ് പ്രളയങ്ങളുടെയും ഉരുൾപൊട്ടലുകളുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതങ്ങൾ നേരിടുകയാണ്. പ്രകൃതിയെ കീഴടക്കാനുള്ള മനുഷ്യന്റെ അമിതമായ ആഗ്രഹങ്ങൾക്കിടയിൽ പ്രകൃതിയോട് ഇണങ്ങിനിൽക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയേണ്ട കാലമാണിത്. നാടൻ വിത്തുകളുടെ സംരക്ഷണം പഴമയെക്കുറിച്ചുള്ള ഗൃഹാതുരമായ ഓർമ മാത്രമല്ല. ഭാവിയിലെ ഭക്ഷ്യസുരക്ഷയുടെയും ജൈവവൈവിധ്യത്തിന്റെയും കാലാവസ്ഥാ പ്രതിരോധശേഷിയുടെയും ഭാഗമാണത്. വ്യത്യസ്ത മണ്ണിനോടും മഴയോടും പരിസ്ഥിതിയോടും പൊരുത്തപ്പെട്ടുവളർന്ന വിത്തിനങ്ങളിൽ തലമുറകളുടെ അനുഭവജ്ഞാനം അടങ്ങിയിരിക്കുന്നു. ആ അറിവിനെ അവഗണിച്ച് കൃഷിയെ ഉൽപാദനത്തിന്റെ കണക്കുകളിലേക്ക് മാത്രം ചുരുക്കുമ്പോൾ നഷ്ടമാകുന്നത് നമ്മുടെ മണ്ണിന്റെ സ്വാഭാവിക കരുത്തും കാർഷിക പൈതൃകത്തിന്റെ വൈവിധ്യവുമാണ്. കോൺക്രീറ്റ് വീടുകളുടെ സൗകര്യങ്ങൾക്കു പകരം മണ്ണിനോട് ചേർന്ന ജീവിതം തിരഞ്ഞെടുത്ത രാമൻ വികസനത്തിന്റെ മറ്റൊരു അർഥമാണ് മുന്നോട്ടുവച്ചത്. പ്രകൃതിയിൽനിന്ന് അകന്നുപോകുന്നതല്ല വികസനം; പ്രകൃതിയോടൊപ്പം മുന്നോട്ടുപോകുന്നതാണ് യഥാർഥ പുരോഗതി. ആ സന്ദേശം പ്രസംഗങ്ങളിലൂടെ പറഞ്ഞുതരികയായിരുന്നില്ല അദ്ദേഹം. സ്വന്തം ജീവിതംകൊണ്ട് അതു തെളിയിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ചെറുവയൽ രാമനെ പത്മശ്രീ പുരസ്കാരത്തിന്റെ തിളക്കത്തിലോ അനുസ്മരണച്ചടങ്ങുകളിലോ ഒതുക്കിനിർത്തരുത്. അദ്ദേഹം സംരക്ഷിച്ച വിത്തുകളുടെ ജൈവശേഖരം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് ശാസ്ത്രീയമായി സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും വേണം. അതോടൊപ്പം ഈ സംരക്ഷണം ലബോറട്ടറികളുടെ ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങരുത്. മണ്ണറിയുന്ന കർഷകരുടെ കൈകളിലും പാടങ്ങളിലും വിത്തുകൾ തുടർന്നും വളരണം. കൃഷിയറിവും വിത്തുസംരക്ഷണവും പുതുതലമുറയിലേക്ക് കൈമാറാൻ സ്ഥിരമായ സംവിധാനമുണ്ടാകണം. ചെറുവയൽ രാമന്റെ ജീവിതവും കാർഷിക സംഭാവനകളും പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഭാഗമാകണം. അദ്ദേഹത്തിന്റെ പൈതൃകം കേരളത്തിന്റെ കാർഷിക സ്വത്വത്തിന്റെ അടയാളമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെടണം. കാരണം, രാമന്റെ യഥാർഥ സ്മാരകം അദ്ദേഹത്തിന്റെ പേരിലുള്ള ഒരു ഫലകമല്ല. അദ്ദേഹം കാത്തുവെച്ച വിത്തുകളിൽനിന്ന് വീണ്ടും മുളപൊട്ടുന്ന ഓരോ നെൽച്ചെടിയുമാണ്. അദ്ദേഹം സംരക്ഷിച്ച പാരമ്പര്യ നെല്ലിനങ്ങൾ വിളയുന്ന ഓരോ പാടവുമാണ്. ആ വിത്തുകൾ കൈമാറി കൃഷി തുടരുന്ന ഓരോ കർഷകനുമാണ്. വയനാടിന്റെ നെല്ലച്ഛൻ മടങ്ങി. പക്ഷേ അദ്ദേഹം കാത്തുവെച്ച വിത്തുകൾ മണ്ണിൽ ഉറങ്ങുന്നില്ല. അവ ഓരോ കൊയ്ത്തുകാലത്തും പുതിയ ജീവിതമായി ഉണരും. ഓരോ നെൽമണിയിലും അദ്ദേഹത്തിന്റെ കരുതലിന്റെ ഓർമയുണ്ടാകും. ഓരോ പാടത്തും അദ്ദേഹം പകർന്നുതന്ന മണ്ണറിവിന്റെ അടയാളങ്ങളുണ്ടാകും. മണ്ണിൽനിന്ന് മനുഷ്യൻ അകന്നുപോകുന്ന ഈ കാലത്ത് മണ്ണിനോടൊപ്പം ജീവിച്ച ഒരു മനുഷ്യന്റെ വിടവാങ്ങൽ നമ്മോടു ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്: നമുക്ക് ലഭിച്ച ഈ ഭൂമിയും അതിന്റെ ജൈവസമ്പത്തും വരുംതലമുറയ്ക്കായി എന്താണ് ബാക്കിവെക്കുന്നത്?. ആ ചോദ്യത്തിന് സ്വന്തം ജീവിതംകൊണ്ട് ഉത്തരം നൽകിയ മനുഷ്യനാണ് ചെറുവയൽ രാമൻ.
വിട, വയനാടിന്റെ നെല്ലച്ഛാ…
നിങ്ങൾ കാത്തുവെച്ച ഓരോ വിത്തിലും നിങ്ങൾ ജീവിക്കും. നിങ്ങൾ നട്ടുവളർത്തിയ ഓരോ നെൽച്ചെടിയിലും നിങ്ങളുടെ ഓർമകൾ പച്ചപിടിക്കും. വയനാടിന്റെ മണ്ണിൽ നെല്ല് വിളയുന്നിടത്തോളം കാലം, മണ്ണിനെ സ്നേഹിക്കാൻ മനുഷ്യൻ മറക്കാത്തിടത്തോളം കാലം, ചെറുവയൽ രാമൻ എന്ന വിത്തച്ഛൻ അനശ്വരനായി തുടരും.
