തൃപ്രയാർ: നാടിനെ നടുക്കി തൃപ്രയാറിൽ ഭാര്യയെയും പിഞ്ചുമകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി. വലപ്പാട് ബീച്ച് അത്താണിയിലെ ജിഡിഎ സ്കൂളിന് പടിഞ്ഞാറ് വശം തെക്കിനിയേടത്ത് വിസ്മയ (25), മകൻ ദക്ഷ് (നാലര) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് വിജേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിജേഷിനെയും മകനെയും വലപ്പാട് മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ വലപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിസ്മയയുടെയും ദക്ഷിന്റെയും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലായ വിജേഷിനെ പിന്നീട് മറ്റൊരു ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച വിസ്മയയുടെയും ദക്ഷിന്റെയും മൃതദേഹങ്ങൾ ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
