Home Keralaരാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ആർ. ശ്രീലേഖയ്‌ക്കെതിരെ പരാതി

രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ആർ. ശ്രീലേഖയ്‌ക്കെതിരെ പരാതി

by news_desk1
0 comments

കൊല്ലം: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് കൊല്ലം റൂറൽ എസ്‌പിക്ക് പരാതി നൽകിയത്. രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാരോപിച്ച് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാമർശം ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പുനലൂരിൽ നടന്ന ബിജെപി ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയുടെ ഡൽഹിയിലെ പ്രതിഷേധത്തെ വിമർശിച്ച് ശ്രീലേഖ വിവാദ പരാമർശം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുൽ ഗാന്ധിയുടെ സമരത്തെ പരാമർശിച്ച അവർ, മയക്കുമരുന്ന് ഉള്ളിൽ ചെന്നപ്പോഴുണ്ടാകുന്ന വെപ്രാളത്തോടാണ് അദ്ദേഹത്തിന്റെ പ്രതിഷേധത്തെ താരതമ്യം ചെയ്തത്.

ലോക്‌സഭാ പ്രതിപക്ഷ നേതാവിനെതിരായ ഇത്തരം പരാമർശം ഗൗരവത്തോടെ കാണണമെന്നും ഇത് സാധാരണ രാഷ്ട്രീയ വിമർശനത്തിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ലെന്നും വിഷ്ണു സുനിൽ പരാതിയിൽ പറയുന്നു. അപകീർത്തികരമായ പ്രസ്താവനയിൽ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഭരണത്തെയും കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധത്തെയും വിമർശിച്ചും ശ്രീലേഖ പ്രസംഗത്തിൽ പരാമർശങ്ങൾ നടത്തിയിരുന്നു. മന്ത്രിമാരും എംഎൽഎമാരും എംപിമാരും പ്രതിഷേധത്തിനായി ഒരുമിച്ചുവെന്നും ഭരണഘടനയുമായി സമരത്തിൽ പങ്കെടുക്കുന്ന കോൺഗ്രസിനെ വിമർശിച്ചും അവർ സംസാരിച്ചു.

അതേസമയം, ഹിന്ദു പുരാണങ്ങളിൽ ശിവഭഗവാന്റെ ഉഗ്രവും ഊർജസ്വലവുമായ ദിവ്യനൃത്തമായാണ് താണ്ഡവം വിശേഷിപ്പിക്കപ്പെടുന്നത്. ഈ പദത്തെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെടുത്തി രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തെ വിമർശിച്ചത് ഹൈന്ദവ വിശ്വാസികളുടെയും അവരുടെ വികാരങ്ങളുടെയും അവഹേളനമാണെന്നാണ് പരാതിക്കാരന്റെ ആരോപണം.

You may also like