Home Kerala‘ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനി ഇല്ല’; അഭ്യൂഹങ്ങൾ തള്ളി നിലപാട് വ്യക്തമാക്കി കെ ടി ജലീൽ

‘ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനി ഇല്ല’; അഭ്യൂഹങ്ങൾ തള്ളി നിലപാട് വ്യക്തമാക്കി കെ ടി ജലീൽ

by news_desk1
0 comments

കൊച്ചി: രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി മുൻമന്ത്രി കെ ടി ജലീൽ. ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പമാണ് തന്റെ തുടർയാത്രയെന്നും ചുവപ്പിനെ പ്രണയിച്ച് പൊതുരംഗത്ത് സജീവമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. താൻ മുൻ രാഷ്ട്രീയ വേദിയിലേക്ക് മടങ്ങാൻ തയ്യാറാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജലീൽ വ്യക്തമാക്കി.

ഇടതുപക്ഷ ആശയങ്ങളോടുള്ള പ്രതിബദ്ധതയിൽ മാറ്റമില്ലെന്നും വിശ്വസിച്ച രാഷ്ട്രീയ നിലപാടുകൾ വിട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയ-പരാജയങ്ങളെ ഒരുപോലെ കാണുന്ന രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും, കൂടെ നിന്നവരെ അവസാനവരെ പിന്തുണയ്ക്കുക എന്നതാണ് തന്റെ രാഷ്ട്രീയ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടികളിലും നേതൃത്വത്തിലും പിഴവുകളും പോരായ്മകളും മനുഷ്യസഹജമാണെന്നും അവ തിരുത്താനുള്ള ശേഷിയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കരുത്തെന്നും ജലീൽ അഭിപ്രായപ്പെട്ടു. തെറ്റുകൾ തിരുത്തി കൂടുതൽ ശക്തമായി മുന്നേറാൻ ഇടതുപക്ഷത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ് എന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ നിലപാടുകളെ ഒരുപോലെ ചെറുക്കേണ്ടതുണ്ടെന്നും കെ ടി ജലീൽ കുറിപ്പിൽ വ്യക്തമാക്കി.

You may also like