കൊൽക്കത്ത: സംസ്ഥാനത്തെ മദ്രസകളിലും രാവിലെ നടക്കുന്ന അസംബ്ലികളിൽ ‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ. മദ്രസ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.
പുതിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ അംഗീകൃത, എയ്ഡഡ്, അൺഎയ്ഡഡ് മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് അസംബ്ലിയിൽ ‘വന്ദേമാതരം’ ആലപിക്കണം. സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമായിരിക്കും.
ഇതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും രാവിലെ അസംബ്ലിയിൽ ‘വന്ദേമാതരം’ നിർബന്ധമാക്കിയിരുന്നു. ആ തീരുമാനം നടപ്പിലാക്കി ഒരാഴ്ച പിന്നിടുന്നതിനിടെയാണ് മദ്രസകളിലേക്കും നിർദേശം വ്യാപിപ്പിച്ചത്.
വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാനും നിർദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് സ്ഥാപന മേധാവികൾ നിരീക്ഷിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങളിൽ നടപ്പാക്കൽ നടപടികളുടെ ഭാഗമായി രേഖപ്പെടുത്തലിനും മേൽനോട്ട സംവിധാനങ്ങൾക്കുമായി പ്രത്യേക നിർദേശങ്ങളും നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഭാത അസംബ്ലികളിൽ ദേശീയബോധവും പൊതുപങ്കാളിത്തവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

