തൃശൂർ: നാടും നഗരവും കാത്തിരുന്ന വിശ്വപ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി, ആചാരപരമായ ചടങ്ങുകൾക്ക് മാത്രം പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ പൂരം ആഘോഷിക്കുന്നത്. ചരിത്രത്തിലാദ്യമായി സാമ്പിൾ, പ്രധാന വെടിക്കെട്ടുകൾ പൂർണ്ണമായും ഒഴിവാക്കിയാണ് പൂരപ്രേമികൾ ഇത്തവണ വടക്കുന്നാഥന്റെ മുറ്റത്ത് ഒത്തുകൂടുന്നത്. പൂരത്തിന്റെ പ്രധാന ആകർഷണമായ കുടമാറ്റം 15 മിനിറ്റായി ചുരുക്കിയിട്ടുണ്ട്.
രാവിലെ ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങൾ എത്തുന്നതോടെ തേക്കിൻകാട് മൈതാനം പൂരലഹരിയിലാകും. പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾക്കൊപ്പം എട്ട് ഘടകക്ഷേത്രങ്ങളും അണിനിരക്കുന്നതോടെ ശക്തന്റെ തട്ടകം ജനലക്ഷങ്ങളെക്കൊണ്ട് നിറയും. തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും ആസ്വദിക്കാൻ ആയിരക്കണക്കിന് മേളപ്രേമികളാണ് നഗരത്തിലേക്ക് ഒഴുകിയെത്തുന്നത്.
വെടിക്കെട്ടിന്റെ പ്രകമ്പനമില്ലെങ്കിലും ഗജവീരന്മാരുടെ പ്രൗഢിയും വാദ്യമേളങ്ങളുടെ പെരുമയും പൂരത്തിന് ആവേശം പകരും. സുരക്ഷ മുൻനിർത്തി കർശന നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ പുലർച്ചെ നടക്കേണ്ട വെടിക്കെട്ടും പകൽ വെടിക്കെട്ടും ഒഴിവാക്കിയതിനാൽ നാളെ രാവിലെ നടക്കുന്ന പകൽപൂരത്തോടെയും ഉപചാരം ചൊല്ലിപ്പിരിയുന്നതോടെയും ഇത്തവണത്തെ ആഘോഷങ്ങൾക്ക് സമാപനമാകും. മുണ്ടത്തിക്കോട് അപകടത്തിന്റെ നടുക്കത്തിലും പൂരത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ പൂരപ്രേമികൾ പൂർണ്ണ സഹകരണമാണ് നൽകുന്നത്.
ഘടക പൂരങ്ങളുടെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, പുറത്തു കടക്കല്‍ സമയക്രമം
തൃശൂര്‍ പൂരം കൂട്ടിയെഴുന്നള്ളിപ്പ് (26/4/26)
കണിമംഗലം ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.05 ന് പുറത്തേക്ക് 8.15 ന്
ക്ഷേത്രത്തിനകത്തേക്ക് രാത്രി 8 ന് പുറത്തേക്ക് 9 ന്
കാരമുക്ക് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.15 ന് പുറത്തേക്ക് 9.15 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 9 ന് പുറത്തേക്ക് 10 ന്
ചെമ്പുകാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്
ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്
പനമുക്കുംമ്പിള്ളി ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്
ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്
ലാലൂര്‍ ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 9.45 ന്
ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്
ചൂരക്കാട്ടുകാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.15 ന് പുറത്തേക്ക് 10.45 ന്
ക്ഷേത്രത്തിനകത്തേക്ക് രാത്രി 10 ന് പുറത്തേക്ക് 12 ന്
അയ്യന്തോള്‍ ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.45 ന് പുറത്തേക്ക് 11.45 ന്
ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് രാത്രി 12.30 ന്
നെയ്തലക്കാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 10.45 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12.45 ന്
ക്ഷേത്രത്തിനകത്തേക്ക് രാത്രി 12 ന് പുറത്തേക്ക് പുലര്‍ച്ചെ ഒരുമണിക്ക്
പാറമേക്കാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് ഉച്ചയ്ക്ക് 12 ന് പുറത്തേക്ക് രാത്രി 7 ന്
ക്ഷേത്രത്തിനകത്തേക്ക് രാത്രി 10.30 ന് പുറത്തേക്ക് പുലര്‍ച്ചെ 2 ന്
തിരുവമ്പാടി ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 9.30 ന്
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 11 ന് പുറത്തേക്ക് രാത്രി 7 ന്
ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് പുലര്‍ച്ചെ 2 ന്
പകല്‍ പൂരം (27/4/26)
പാറമേക്കാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 11.30 ന്
തിരുവമ്പാടി ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12 ന്.

