Home Keralaയുഡിഎഫിന്റെ 102 സീറ്റ് അതിശയമായി കാണേണ്ട; എൽഡിഎഫിന് ഭാവിയില്ലെന്ന് കരുതരുതെന്ന് പിണറായി വിജയൻ

യുഡിഎഫിന്റെ 102 സീറ്റ് അതിശയമായി കാണേണ്ട; എൽഡിഎഫിന് ഭാവിയില്ലെന്ന് കരുതരുതെന്ന് പിണറായി വിജയൻ

by news_desk1
0 comments

തിരുവനന്തപുരം: യുഡിഎഫ് നേടിയ 102 സീറ്റുകളെ വല്ലാത്ത സംഭവമായി കാണേണ്ടതില്ലെന്നും അതിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫിന് ഭാവിയില്ലെന്ന് ആരും കരുതരുതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതാണെന്നും ജനങ്ങളുമായി കൂടുതൽ അടുപ്പം പുലർത്തി മുന്നോട്ടുപോകാനാണ് എൽഡിഎഫിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരംയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം. രാജ്യത്ത് രൂപപ്പെട്ടിരിക്കുന്ന യുദ്ധസാഹചര്യവും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങളും വിലക്കയറ്റം രൂക്ഷമാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ധനവില ദിനംപ്രതി വർധിക്കുകയാണെന്നും എത്ര രൂപയാണ് വർധിക്കുന്നതെന്ന് പോലും ജനങ്ങൾക്ക് കണക്കാക്കാനാകാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പിണറായി വിജയൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ഇന്ത്യയുടെ പരമാധികാരം അമേരിക്കയുടെ കാൽക്കീഴിൽ വച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “ഇന്ത്യ അമേരിക്കയുടെ സാമന്തരാജ്യമല്ല. അമേരിക്ക പറയുന്നത് അതേപടി അനുസരിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കില്ല. അമേരിക്കയുടെ അനുമതി ആവശ്യമില്ലെന്ന് തുറന്നുപറയേണ്ട സമയത്ത് അത്തരം ശബ്ദം കേന്ദ്രസർക്കാരിൽ നിന്ന് ഉയർന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും പണയംവയ്ക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സ്വാതന്ത്ര്യസമരത്തിൽ ബിജെപിക്കും ആർഎസ്എസിനും പങ്കില്ലായിരുന്നുവെന്നും പിണറായി വിജയൻ ആരോപിച്ചു. “സ്വാതന്ത്ര്യസമരം ശക്തമായി മുന്നേറുന്ന കാലത്താണ് ആർഎസ്എസ് രൂപംകൊണ്ടത്. എന്നാൽ സമരത്തിൽ പങ്കെടുക്കരുതെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. കോൺഗ്രസ് ആരംഭിച്ച വിധേയത്വ രാഷ്ട്രീയത്തെ ബിജെപി കൂടുതൽ ശക്തമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പെട്രോൾ, ഡീസൽ വിലവർധനവിനെയും പിണറായി വിജയൻ വിമർശിച്ചു. ബ്രെന്റ് ക്രൂഡ് വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില ഉയർത്തുന്നത് പകൽക്കൊള്ളയാണെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് വില പിടിച്ചുനിർത്തി വോട്ടെടുപ്പ് കഴിഞ്ഞാൽ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന രീതിയാണ് ബിജെപി ആവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്രസർക്കാർ ഗൗരവമായ ഇടപെടൽ നടത്താത്തത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

You may also like