Home Top Storiesനവകേരളത്തിനായി വി.ഡി. സതീശൻ സർക്കാർ ഇന്ന് അധികാരമേൽക്കും; ഒരുക്കങ്ങൾ പൂർത്തിയായി

നവകേരളത്തിനായി വി.ഡി. സതീശൻ സർക്കാർ ഇന്ന് അധികാരമേൽക്കും; ഒരുക്കങ്ങൾ പൂർത്തിയായി

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിക്ക് പുറമെ ഇരുപത് മന്ത്രിമാരും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രൗഢഗംഭീരമായ വേദിയിൽ വെച്ച് ഒപ്പമധികാരമേൽക്കും. ഇന്ന് രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവർക്ക് പുറമെ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു തുടങ്ങിയ ദേശീയ-സംസ്ഥാന നേതാക്കൾ ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ തലസ്ഥാനത്തെത്തും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാകൂ എന്ന് രാജ്ഭവൻ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർക്കും ദേശീയ നേതാക്കൾക്കും വേദിയുടെ താഴെയാകും ഇരിപ്പിടം ഒരുക്കുക. നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന അധ്യക്ഷനും നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖരൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. വി.ഡി. സതീശന് പുറമെ കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, ബിന്ദു കൃഷ്ണ, എ.പി. അനിൽ കുമാർ, പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, കെ.എ. തുളസി എന്നിവരും മുസ്‌ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരും സത്യപ്രതിജ്ഞ ചെയ്യും. ഘടകകക്ഷികളിൽ നിന്ന് സി.പി. ജോൺ (സിഎംപി), ഷിബു ബേബി ജോൺ (ആർഎസ്പി), അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്), മോൻസ് ജോസഫ് (കേരള കോൺഗ്രസ്) എന്നിവരും പുതിയ മന്ത്രിമാരായി ചുമതലയേൽക്കും.

മന്ത്രിമാരുടെ വകുപ്പുകളെല്ലാം ഇതിനോടകം തീരുമാനിച്ചിട്ടുണ്ടെന്നും അത് സംബന്ധിച്ച നിർദ്ദേശം ഇന്ന് ഗവർണർക്ക് സമർപ്പിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ഒരു പുതുയുഗ കേരളത്തിനാണ് തുടക്കമിടാൻ പോകുന്നതെന്നും സംസ്ഥാനത്തെ മുഖ്യമന്ത്രി വിമർശനങ്ങൾക്ക് അതീതനല്ലെന്നും തെറ്റുകൾ കണ്ടാൽ ആർക്കും ചൂണ്ടിക്കാണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭാ രൂപീകരണത്തിൽ കോൺഗ്രസ് നേതാക്കൾ ആരും അനാവശ്യ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും വീതംവെപ്പല്ല യോഗ്യതയാണ് പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തന്റെ യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് പുതിയ കാർ വാങ്ങില്ലെന്നും നിലവിലുള്ള കറുത്ത കാർ തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മൂന്ന് വാഹനങ്ങളിൽ കൂടുതൽ തന്റെ അകമ്പടിയായി ഉണ്ടാകരുതെന്ന് പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നിയുക്ത മുഖ്യമന്ത്രി അറിയിച്ചു.

You may also like