കോഴിക്കോട്: സർക്കാർ മാറിയ ഉടൻ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതല്ലെന്നും കോടതി നിർദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നും വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ. കാലാവധി പൂർത്തിയാക്കുംമുമ്പ് വഖഫ് ബോർഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച വിമർശനങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വഖഫ് ബോർഡ് തിരഞ്ഞെടുപ്പിൽ ക്രമക്കേടുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നെന്നും അവ പരിഹരിക്കാൻ നിർദേശിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. കോടതി നിർദേശം നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തത്. നിലവിലെ വഖഫ് ബോർഡിനെതിരായ ഹർജി കോടതി നിരുപാധികം തള്ളിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാന്തപുരം വിഭാഗത്തിന്റെ പരാതിയിലും മന്ത്രി പ്രതികരിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണ് സർക്കാരിന്റേതെന്നും കാറ്റഗറി അടിസ്ഥാനത്തിൽ നിയമനം നടത്തിയപ്പോൾ ചില പരിമിതികളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. മറ്റു ബോർഡുകളിലെ നിയമനങ്ങൾ നടക്കുമ്പോൾ ഇത്തരം പരാതികൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു.
അതേസമയം, കെ.എസ്. ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ കാലാവധി തീരുംമുമ്പ് പിരിച്ചുവിട്ട സർക്കാർ നടപടിക്കെതിരെ പിണറായി വിജയൻ രൂക്ഷവിമർശനമുയർത്തിയിരുന്നു. വഖഫ് നിയമപ്രകാരം കാലാവധി പൂർത്തിയാകാതെ ഭരണസമിതിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ റഷീദലി തങ്ങൾ ചെയർമാനായിരുന്ന ബോർഡിനെ പിരിച്ചുവിടാതെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചിരുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി. പുതിയ വഖഫ് ഭേദഗതി നിയമപ്രകാരം ചില വിഭാഗം അംഗങ്ങളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് ഹൈക്കോടതി പരിഗണിച്ചതെന്നും സുപ്രീംകോടതിയിലെ കേസ് അവസാനിച്ചശേഷം തീരുമാനമെടുക്കുന്ന സമീപനമല്ല നിലവിലെ സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
ഹൈക്കോടതി ബോർഡ് പിരിച്ചുവിടാൻ നിർദേശിച്ചിട്ടില്ലെന്നും കോടതി പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് സർക്കാർ നടപടിയെടുത്തതെന്നും പിണറായി ആരോപിച്ചു. നടപടി അടിയന്തരമായി റദ്ദാക്കണമെന്നും കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരായ സംസ്ഥാനത്തിന്റെ നിയമപോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാർ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്നതാണെന്നും പിണറായി ആരോപിച്ചിരുന്നു.
