ന്യൂഡൽഹി: ശക്തമായ പ്രതിഷേധങ്ങൾക്കിടെ വിവാദ വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ സഭയിൽ വെച്ചത്. ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടന്ന വോട്ടെടുപ്പിൽ സഭയുടെ അനുമതി ലഭിച്ചെങ്കിലും പ്രതിപക്ഷം കനത്ത എതിർപ്പുമായി രംഗത്തെത്തി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കുന്ന നീക്കമാണിതെന്നും ബിൽ പിൻവലിക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ബില്ലിലെ വിയോജിപ്പുകൾ ചർച്ചാ വേളയിൽ ഉന്നയിക്കാമെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.
ബില്ലിൽ മുസ്ലിം – പിന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഉറപ്പാക്കുന്നില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. മതാടിസ്ഥാനത്തിൽ സംവരണം നൽകാനാവില്ലെന്ന് കേന്ദ്രം മറുപടി നൽകിയതോടെ ആഭ്യന്തരമന്ത്രി അമിത് ഷായും അഖിലേഷ് യാദവും തമ്മിൽ സഭയിൽ വാക്കുതർക്കമുണ്ടായി. മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഡിഎംകെ അംഗങ്ങൾ കറുത്ത വസ്ത്രമണിഞ്ഞാണ് സഭയിലെത്തിയത്. പ്രതിപക്ഷ നിരയിൽ നിന്നുള്ള ചർച്ചകൾക്ക് പ്രിയങ്ക ഗാന്ധി നേതൃത്വം നൽകും.
നിയമനിർമാണ സഭകളിലെ ആകെ സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് അതിൽ 33 ശതമാനം വനിതകൾക്ക് നൽകാനാണ് ഭേദഗതി ലക്ഷ്യമിടുന്നത്. എന്നാൽ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിലൂടെ കൃത്യമായ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പങ്കെടുക്കുന്ന 18 മണിക്കൂർ നീളുന്ന ചർച്ചയാണ് ബില്ലിന്മേൽ ലോക്സഭയിൽ നടക്കുക. ചർച്ചയിലുടനീളം ശക്തമായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

