Home Keralaമുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ്; സോഷ്യൽ മീഡിയ ചർച്ചകൾ അനാവശ്യമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ്; സോഷ്യൽ മീഡിയ ചർച്ചകൾ അനാവശ്യമെന്ന് രമേശ് ചെന്നിത്തല

by news_desk
0 comments

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി ഉടലെടുത്ത വിവാദങ്ങളിൽ പ്രതികരണവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. സോഷ്യൽ മീഡിയയിലൂടെയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിന് മുൻപുള്ള ഇത്തരം അനാവശ്യ വിവാദങ്ങൾ പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കുമെന്നും അദ്ദേഹം എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെയും വി.ഡി. സതീശന്റെയും പേരുകൾ മാത്രം ചർച്ച ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ ഇത്തരം വിവാദങ്ങളിൽ ഒന്നും പങ്കെടുക്കാത്തയാളാണെന്നും ആർക്കും അനുകൂലമായോ പ്രതികൂലമായോ നിലപാടെടുക്കാറില്ലെന്നും അദ്ദേഹം മറുപടി നൽകി. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവർ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. തന്റെ സുഹൃത്തായ കെ. സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളെക്കുറിച്ചുള്ള വിവാദങ്ങളിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് ശക്തമാവുകയാണ്. കെ.സി. വേണുഗോപാലിനെ പിന്തുണച്ച് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയപ്പോൾ, ഇതിനെ പ്രതിരോധിക്കാൻ വി.ഡി. സതീശൻ പക്ഷവും നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. ഘടകകക്ഷികളുടെയും എംപിമാരുടെയും പിന്തുണ ഉറപ്പാക്കാൻ ഇരുവിഭാഗങ്ങളും ശ്രമം തുടരുന്നതിനിടെ, പരസ്യമായ ഇത്തരം തർക്കങ്ങളിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. മെയ് നാലിന് ഫലം വന്ന ശേഷം മാത്രമേ ഔദ്യോഗിക ചർച്ചകൾ പാടുള്ളൂ എന്നാണ് നേതൃത്വത്തിന്റെ കർശന നിർദ്ദേശം.

You may also like