കാസർകോട്: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയും ആൺസുഹൃത്തിനെയും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശികളായ അഫ്സലും മൻസൂറുമാണ് പിടിയിലായത്.
അനന്തപുരം ഭാഗത്ത് വെച്ച് യുവതിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയ പ്രതികൾ കത്തികാട്ടി ഭീഷണിപ്പെടുത്തി വാഹനത്തിൽ അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ഇരുവരെയും ബലമായി വാഹനത്തിൽ തടഞ്ഞുവെച്ച് കാർ സീതാംഗോളി ഭാഗത്തേക്ക് അതിവേഗത്തിൽ ഓടിച്ചുപോയതായും അന്വേഷണത്തിൽ കണ്ടെത്തി.
യാത്രയ്ക്കിടെ മദ്യം വാങ്ങുന്നതിനായി 500 രൂപ ആവശ്യപ്പെട്ട പ്രതികൾ പിന്നീട് 50,000 രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പ്രതികളുടെ നിയന്ത്രണത്തിലായിരുന്ന വാഹനം സീതാംഗോളി ഭാഗത്ത് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.
അപകടം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരന്റെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് വാഹനത്തിലുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്തു. പ്രതികൾ മദ്യലഹരിയിലാണെന്ന് മനസിലായതോടെ പൊലീസ് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. ഇതോടെയാണ് യുവതിയും യുവാവും പ്രതികളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നത്.
സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

