കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്ന മോഹൻദാസിനെ അവിടെ എത്തിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. അദ്ദേഹത്തിന്റെ ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
വൈകിട്ട് അഞ്ചോടെയാണ് തിരുവനന്തപുരത്തുനിന്നുള്ള സൈബർ സെൽ ഉദ്യോഗസ്ഥർ മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയത്. കേസ് എടുത്ത് 11 ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ വിമർശനം ഉയർന്നിരുന്നു. അർജുൻ ആയങ്കിക്കെതിരായ നടപടികൾക്കിടെ മോഹൻദാസിനെ അറസ്റ്റ് ചെയ്യാത്തത് സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു.
എസ്എഫ്ഐ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 29നാണ് മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 353(1)(ബി), ഐടി ആക്ടിലെ 66, കേരള പൊലീസ് ആക്ടിലെ 120(ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. പൊതുസമൂഹത്തിൽ ലഹളയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമർശം നടത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു.
‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിവാദ പരാമർശം നടത്തിയത്. ജന്തർ മന്തറിൽ പ്രതിഷേധക്കാരെ നേരിടാൻ അവസരം ലഭിച്ചാൽ നാല് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കുമെന്നും, ജനക്കൂട്ടത്തോട് മൂന്നുതവണ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടശേഷം വെടിവെക്കുമെന്നും മോഹൻദാസ് പറഞ്ഞിരുന്നു. വെടിവെപ്പിൽ ചിലർ മരിക്കുമെന്നും ചിലർക്ക് പരിക്കേൽക്കുമെന്നും പറഞ്ഞ അദ്ദേഹം, ഏകദേശം നാല് മണിക്കൂറിനുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുമെന്നും പറഞ്ഞിരുന്നു.
ഇത്തരം പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹൻദാസ് അവകാശപ്പെട്ടിരുന്നു. ഡൽഹിയിൽ സമരം ചെയ്ത പെൺകുട്ടികളെ അധിക്ഷേപിക്കുന്ന പരാമർശവും അദ്ദേഹം നടത്തിയിരുന്നു.
