കണ്ണൂർ: അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അർജുൻ ആയങ്കിക്കായി ക്രൗഡ് ഫണ്ടിംഗ് നടത്തിയതിനാണ് അജയിയെ അറസ്റ്റ് ചെയ്തത്. ക്രൗഡ് ഫണ്ടിംഗിലൂടെ 16,000 രൂപ ലഭിച്ചെന്നും നിയമനടപടികൾക്കായി ഈ തുക സുഹൃത്തിന് കൈമാറിയെന്നും അജയ് പൊലീസിന് മൊഴി നൽകി.
അജയിയെ ജാമ്യത്തിലെടുക്കാൻ എത്തിയ ക്വട്ടേഷൻ സംഘാംഗവും ഗുണ്ടാ നേതാവുമായ ഒരാളെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഇയാൾക്കെതിരായ കേസുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. തുടർന്ന് അജയിയുടെ സഹോദരൻ അഖിൽ ആയങ്കിയാണ് സ്റ്റേഷനിലെത്തി ജാമ്യമെടുത്തത്.
മാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെന്ന് ആരോപിച്ച് അഖിൽ ആയങ്കി മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങളാണ് അജയിയെ കേസിൽ കുടുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തലശ്ശേരി ജയിലിലേക്ക് മാറ്റി. പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെന്റിലാണ് അർജുൻ ആയങ്കി എത്തിയിരുന്നത്. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടിലായിരുന്നു അഭിഭാഷക ദമ്പതികൾ. ഇതിനിടെ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.
