കാസർകോട്: കാസർകോട് സ്കൂൾ ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ അധ്യാപകൻ ഗുരുപ്രസാദിനെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ. അധ്യാപകനെ സസ്‌പെൻഡ് ചെയ്ത നടപടി അപലപനീയമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്നത് വി.ഡി. സവർക്കറാണെന്നത് ചരിത്രവസ്തുതയാണെന്നും അദ്ദേഹം വാദിച്ചു. ഗുരുപ്രസാദ് മാസ്റ്റർക്ക് സർക്കാർ ഒന്നും ചെയ്യാനാകില്ലെന്നും ഏത് കോടതിയിലും നിരപരാധിത്വം തെളിയിക്കാനാകുമെന്നും നീതിക്കായുള്ള പോരാട്ടത്തിന് എല്ലാ സഹായവും നൽകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ചോദ്യാവലി തയ്യാറാക്കിയ കുമ്പള എയുപിഎസ് സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദിനെ ഇന്ന് വൈകിട്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്. തെറ്റിദ്ധാരണ പരത്തുന്ന ചോദ്യം തയ്യാറാക്കിയത് ഗൗരവതരമാണെന്നാണ് അന്വേഷണ റിപ്പോർട്ടിലെ വിലയിരുത്തൽ. ചരിത്രപരമായ അടിസ്ഥാനമില്ലാത്ത ചോദ്യമാണ് തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗൂഗിളിൽ സെർച്ച് ചെയ്താണ് ചോദ്യം തയ്യാറാക്കിയതെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമില്ലായിരുന്നെന്നും ഗുരുപ്രസാദ് വിശദീകരിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചിരുന്നു. ക്വിസ് പ്രാദേശിക പരിപാടിയാണെന്നും വിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ എൽപി വിദ്യാർഥികൾക്കായുള്ള ഫ്രീഡം ക്വിസ് ചോദ്യാവലിയിലാണ് വിവാദ ചോദ്യം ഉൾപ്പെട്ടത്. ബ്രിട്ടീഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്നായിരുന്നു ഉത്തരം. മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷന്റെ ചുമതലയുള്ള അധ്യാപകരാണ് ചോദ്യാവലി തയ്യാറാക്കിയത്. ടൈബ്രേക്കർ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയിരുന്നത്.
വിവാദത്തിന് പിന്നാലെ കാസർകോട് ജില്ലാ ഉപഡയറക്ടർ എഇഒയോട് റിപ്പോർട്ട് തേടിയിരുന്നു. ചോദ്യാവലി തയ്യാറാക്കുന്നതിന് ഉപജില്ലകളിൽ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നും അവരുടെ അറിവോടെയാണ് ചോദ്യം ഉൾപ്പെടുത്തിയതെന്നുമാണ് വിവരം.
