തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ പുല്ലുവിള സ്വദേശി മത്സ്യത്തൊഴിലാളി ജോണിനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു. കന്യാകുമാരി ഭാഗം കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. ഫിഷറീസ് വകുപ്പിന്റെ വള്ളമായ ധീരയും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ അനഘ് കുളച്ചൽ മേഖലയിലും തിരച്ചിൽ നടത്തും. കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനം കന്യാകുമാരി വരെ ആകാശമാർഗമുള്ള തിരച്ചിലും നടത്തും.
അതേസമയം, തമിഴ്നാട്ടിലെ രാമേശ്വരം ഭാഗത്തേക്കും തിരച്ചിൽ വ്യാപിപ്പിക്കണമെന്നാണ് ജോണിന്റെ കുടുംബത്തിന്റെ ആവശ്യം. ഇതിനായി ചെന്നൈ കോസ്റ്റ് ഗാർഡിനോട് സർക്കാർ അനുമതി തേടിയിട്ടുണ്ട്. എന്നാൽ അനുമതി തേടി രണ്ട് ദിവസം പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.
ജോണിനെ കാണാതായ സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മകൾ ജിജി ജോൺ കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. കടൽമക്കളെ അധിക്ഷേപിച്ചതിന് മുഖ്യമന്ത്രി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നായിരുന്നു ജിജിയുടെ ആരോപണം.
മുഖ്യമന്ത്രി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചെങ്കിലും തങ്ങൾക്ക് വേണ്ടത് ആശ്വാസവാക്കുകളല്ലെന്ന് ജിജി പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ കേൾക്കാതെയാണ് മുഖ്യമന്ത്രി ഫോൺ സംഭാഷണം അവസാനിപ്പിച്ചതെന്നും അപകടം നടന്നതിന് ശേഷം എട്ട് ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി വിളിച്ചതെന്നും അവർ ആരോപിച്ചു.
തിരച്ചിൽ എവിടെ നടത്തണമെന്ന കാര്യം ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ ഒമ്പതാം ദിവസമാണ് ചോദിച്ചതെന്നും ജിജി പറഞ്ഞു. രാമേശ്വരം ഭാഗത്ത് തിരച്ചിൽ നടത്തണമെന്ന് നേരത്തെ തന്നെ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാമേശ്വരം മേഖലയിൽ ഇതുവരെ തിരച്ചിൽ നടന്നിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും ജിജി ആരോപിച്ചു.
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കണക്ക് സർക്കാർ പുറത്തുവിട്ടത് രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലാത്തതിനെ ന്യായീകരിക്കാനുള്ള സംവിധാനം മാത്രമാണെന്നും ജിജി വിമർശിച്ചു.
