Home Keralaഇന്നുമുതൽ പെറ്റി പിരിക്കില്ല; എഐ ക്യാമറ ചലാനുകൾക്കും അനുമതിയില്ല, പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹന വകുപ്പ് സംഘടനകൾ

ഇന്നുമുതൽ പെറ്റി പിരിക്കില്ല; എഐ ക്യാമറ ചലാനുകൾക്കും അനുമതിയില്ല, പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹന വകുപ്പ് സംഘടനകൾ

by news_desk1
0 comments

തിരുവനന്തപുരം: പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹന വകുപ്പിലെ സംഘടനകൾ. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും തിങ്കളാഴ്ച മുതൽ പെറ്റി പിരിക്കില്ലെന്നും എഎംവിഐമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വകുപ്പിന്റെ വാഹനങ്ങൾ ഓടിക്കില്ലെന്നും സംഘടനകൾ അറിയിച്ചു.

മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാരുടെ സംഘടനകളായ കെഎഎംവിഐഎ, കെഎംവിഡിജിഒഎ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഓഗസ്റ്റ് 22ന് ഗതാഗത കമ്മിഷണറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മുതൽ ചലാൻ നൽകുന്നതിൽനിന്ന് ഉദ്യോഗസ്ഥർ വിട്ടുനിൽക്കും. സംസ്ഥാന വ്യാപകമായി സീറോ ചലാൻ എന്നതാണ് സംഘടനകളുടെ ലക്ഷ്യം. ഉദ്യോഗസ്ഥരുടെ ജോലി റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തും.

എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കുള്ള പെറ്റിയും തിങ്കളാഴ്ച മുതൽ നൽകില്ല. എഐ ക്യാമറ വഴിയുള്ള ചലാനുകൾക്ക് അംഗീകാരം നൽകേണ്ടത് എംവിഐമാരാണ്. ഇതിൽനിന്നും ഉദ്യോഗസ്ഥർ വിട്ടുനിൽക്കും.

ഡ്രൈവർമാരുടെ അഭാവത്തിൽ പലയിടത്തും വകുപ്പിന്റെ വാഹനങ്ങൾ ഓടിക്കുന്നത് എഎംവിഐമാരാണ്. എന്നാൽ, ഇനി ഉദ്യോഗസ്ഥർ വാഹനമോടിക്കേണ്ടതില്ലെന്നാണ് സംഘടനകളുടെ തീരുമാനം. ഫെയ്സ് ആപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാത്തതിനാൽ ഫെയ്സ് ആപ്പ് വഴി ഹാജർ രേഖപ്പെടുത്തില്ലെന്നും സംഘടനകൾ അറിയിച്ചു.

പത്തനംതിട്ട അടൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് എത്തിയ ജീപ്പിന് പിഴ ചുമത്തിയെന്ന ആരോപണത്തെ തുടർന്നാണ് രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ഈ നടപടിയാണ് വകുപ്പിലെ ഉദ്യോഗസ്ഥരിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.

അടൂരിലെ എഎംവിഐമാരായ ബി.എസ്. ലൈജുവിനെയും ഷം. ഷമീറിനെയുമാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ, പ്രളയ രക്ഷാപ്രവർത്തനത്തിനിടെയല്ല, അടൂരിൽ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് വാഹനത്തിന് പിഴ ചുമത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

വാഹനത്തിന് പിഴ ചുമത്തിയത് വിവാദമായതോടെ ആറന്മുള എംഎൽഎ അബിൻ വർക്കി ഇടപെട്ട് പിഴ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാഹനത്തിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥരുടെ നടപടി അനൗചിത്യമായിരുന്നെന്ന് ചൂണ്ടിക്കാട്ടി ഇവരെ സസ്പെൻഡ് ചെയ്തത്.

You may also like