കോഴിക്കോട്: ‘അമ്മ’ സംഘടനയിൽ നിലവിൽ നടക്കുന്നത് ആഭ്യന്തര പ്രശ്‌നമാണെങ്കിലും അത് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് സംവിധായകൻ കമൽ. പാരമ്പര്യമുള്ള സംഘടനയായ ‘അമ്മ’യിലെ വിവാദങ്ങൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
നടി അൻസിബയെ തീവ്രവാദി, ജിഹാദി തുടങ്ങിയ പരാമർശങ്ങളിലൂടെ വിമർശിച്ചതിൽ ആശങ്കയുണ്ടെന്നും, അത് സംഘടനയുടെ ആഭ്യന്തര പ്രശ്‌നമായി മാത്രം കാണാനാവില്ലെന്നും കമൽ അഭിപ്രായപ്പെട്ടു.
‘മലയാള സിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാർ സാന്നിധ്യമുണ്ട്. അതിനെ ജാഗ്രതയോടെ കാണണം. അൻസിബ പറയുന്നത് കേൾക്കണം. അവൾ ഉന്നയിക്കുന്നത് ഗൗരവമുള്ള കാര്യങ്ങളാണ്. വ്യക്തമായ കാഴ്ചപ്പാടുള്ള ആളാണ് അൻസിബ. ഇപ്പോൾ പരിഗണിക്കേണ്ടത് ആർ പ്രസിഡന്റ് ആകുന്നു, ആർ സെക്രട്ടറി ആകുന്നു എന്നതല്ല, ഉയരുന്ന വിഷയങ്ങളാണ്,’ കമൽ പറഞ്ഞു.
‘അമ്മ’ സംഘടനയിലെ പ്രശ്‌നങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനയുടെ വിഷയങ്ങളിൽ നിന്ന് മാറിനിൽക്കാൻ പാടില്ലെന്നും, നിലവിലെ വിവാദങ്ങൾ മലയാള സിനിമയെ ബാധിക്കില്ലെന്നും കമൽ കൂട്ടിച്ചേർത്തു.
അതേസമയം, ‘അമ്മ’ സംഘടനയുടെ ഏതെങ്കിലും ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ താൽപര്യമില്ലെന്ന് അൻസിബ വ്യക്തമാക്കി. പുതിയ തുടക്കങ്ങൾക്ക് വഴിമാറുകയാണെന്നും മാറ്റം അനിവാര്യമാണെന്നും അവർ പറഞ്ഞു.
‘ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം ജനങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയാനാകില്ല. നിങ്ങളുടെ ഹൃദയങ്ങളിൽ ലഭിച്ച സ്ഥാനമാണ് എനിക്ക് ഏറ്റവും വലിയ പുരസ്‌കാരം,’ അൻസിബ പ്രതികരിച്ചു.
‘അമ്മ’യുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്കും മത്സരിക്കാനോ സ്ഥാനങ്ങൾ ഏറ്റെടുക്കാനോ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ. ശക്തവും കരുണയും ആർജവവുമുള്ള പുതിയ തലമുറ മുന്നോട്ട് വരട്ടെ,’ അൻസിബ പറഞ്ഞു.
ജനറൽ ബോഡി യോഗത്തിലെ ആരോപണ-പ്രത്യാരോപണങ്ങൾക്കും ഭരണസമിതിയുടെ കൂട്ടരാജിക്കും പിന്നാലെ ‘അമ്മ’യിലെ വിവാദങ്ങൾ കൂടുതൽ ശക്തമായിരിക്കുകയാണ്. ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിന് പിന്നാലെ പെൻഷനും ഇൻഷുറൻസും റീത്തുമൊന്നും വേണ്ടെന്ന് പ്രഖ്യാപിച്ച് ലക്ഷ്മിപ്രിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ രാജി അറിയിച്ചിരുന്നു.
‘സത്യത്തിനൊപ്പം, ന്യായത്തിനൊപ്പം, ശ്വേതയ്ക്കൊപ്പം’ എന്ന കുറിപ്പോടെ മല്ലിക സുകുമാരനും ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപിച്ചു. അനീതികൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ താൻ ലക്ഷ്യമാക്കപ്പെട്ടുവെന്ന് ടിനി ടോമും ആരോപിച്ചിരുന്നു. അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്ന് ആശ അരവിന്ദും നേരത്തെ രാജിവെച്ചിരുന്നു.

