ദില്ലി: സ്വിറ്റ്‌സർലൻഡിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ ഇറാന്റെ പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമേലുള്ള ഉപരോധത്തിൽ താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം യുഎസ് ട്രഷറി വകുപ്പാണ് 60 ദിവസത്തെ ഇളവ് അനുവദിച്ചത്. ഓഗസ്റ്റ് 21 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുണ്ടാകുക.
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ഇൻസ്പെക്ടർമാർക്ക് രാജ്യത്ത് പരിശോധന നടത്താൻ അനുമതി നൽകാമെന്നും, ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽഗതാഗതം ഉറപ്പാക്കാമെന്നും ഇറാൻ സമ്മതിച്ചതിനെ തുടർന്നാണ് അമേരിക്കയുടെ ഈ നടപടി.
ഇറാനിൽ നിന്നുള്ള എണ്ണ തടസ്സമില്ലാതെ ആഗോള വിപണിയിലെത്തുന്നതോടെ ക്രൂഡ് ഓയിൽ വിതരണം വർധിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയാനും സാധ്യതയുണ്ട്. എണ്ണ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ആഗോള വിപണിയിലെ വിലക്കുറവ് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യങ്ങളിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില നിയന്ത്രിച്ചുനിർത്തേണ്ടി വന്നതിനാൽ ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് സാമ്പത്തിക സമ്മർദം നേരിടേണ്ടി വന്നിരുന്നു. ക്രൂഡ് ഓയിൽ വില കുറയുന്നത് കമ്പനികളുടെ ബാധ്യത കുറയ്ക്കാൻ സഹായകമാകും.
എന്നാൽ ഉപരോധ ഇളവ് ലഭിച്ച സാഹചര്യത്തിലും ഇന്ത്യ ഉടൻ തന്നെ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി വർധിപ്പിക്കാനിടയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രധാന വ്യാപാര കരാറുകൾ നിലവിൽ ചർച്ചാ ഘട്ടത്തിലാണ്. അതിനാൽ എണ്ണയ്ക്കു പകരം എൽപിജി, പെട്രോകെമിക്കൽസ്, വളം തുടങ്ങിയ മേഖലകളിൽ ഇറാനുമായുള്ള സഹകരണത്തിനായിരിക്കും ഇന്ത്യ കൂടുതൽ പ്രാധാന്യം നൽകുക.
നിലവിൽ റഷ്യയും യുഎഇയുമാണ് ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാർ. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പൂർണമായും സാധാരണ നിലയിലാകുന്നതിന് മുമ്പ് തന്നെ ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി വർധിപ്പിച്ചിരുന്നു. ജൂൺ ആദ്യവാരങ്ങളിലെ കണക്കുകൾ പ്രകാരം പ്രതിദിനം 2.66 ദശലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
വെനിസ്വേലയാണ് നിലവിൽ ഇന്ത്യയുടെ നാലാമത്തെ വലിയ എണ്ണ വിതരണ രാജ്യം.

