Home International37 വർഷത്തിനിടെ ആദ്യമായി പതിവ് തെറ്റിച്ച് ഖമനേയി, കൊവിഡ് കാലത്തു പോലും മുടക്കാത്ത ചടങ്ങിൽ ഇത്തവണ പങ്കെടുത്തില്ല.

37 വർഷത്തിനിടെ ആദ്യമായി പതിവ് തെറ്റിച്ച് ഖമനേയി, കൊവിഡ് കാലത്തു പോലും മുടക്കാത്ത ചടങ്ങിൽ ഇത്തവണ പങ്കെടുത്തില്ല.

by news_desk
0 comments

ടെഹ്‌റാൻ. ഗൾഫ് മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകുന്നതിനിടെ, ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പതിറ്റാണ്ടുകളായുള്ള ഒരു പതിവ് തെറ്റിച്ചു. ഫെബ്രുവരി 8ന് വ്യോമസേനാ കമാൻഡർമാരുമായി നടത്താറുള്ള വാർഷിക യോഗത്തിൽ കഴിഞ്ഞ 37 വർഷത്തിനിടെ ആദ്യമായി ഖമനേയി പങ്കെടുത്തില്ല. 1989ൽ അധികാരമേറ്റത് മുതൽ, കൊവിഡ് മഹാമാരിയുടെ സമയത്ത് പോലും ഖമനേയി ഈ ചടങ്ങിൽ മുടങ്ങാതെ പങ്കെടുത്തിരുന്നുവെന്ന് ‘ഇറാൻ ഇന്‍റർനാഷണൽ’ റിപ്പോർട്ട് ചെയ്യുന്നു. ഇത്തവണ ഖമനേയിക്ക് പകരം സായുധ സേനാ മേധാവി അബ്ദുൾറഹീം മൂസവിയാണ് വ്യോമസേനാ കമാൻഡർമാരുമായി കൂടിക്കാഴ്ച നടത്തിയത്.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷ സാധ്യതയുടെ സാഹചര്യത്തിൽ ഖമനേയിയുടെ അസാന്നിധ്യം ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. യുഎസ് ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം വിട്ടുനിന്നതെന്ന് പൊതുവെ കരുതപ്പെടുന്നു. അമേരിക്കയുടെ ഏത് നീക്കവും മിഡിൽ ഈസ്റ്റിലാകെ പടരുന്ന വലിയൊരു യുദ്ധത്തിന് കാരണമാകുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിലുണ്ടായ 12 ദിവസത്തെ ഇറാൻ – ഇസ്രയേൽ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.

ഇറാന്‍റെ മിസൈൽ ശേഖരത്തെക്കുറിച്ച് ചർച്ച വേണമെന്ന നിലപാടിൽ അമേരിക്കയും ചർച്ചയില്ലെന്ന നിലപാടിൽ ഇറാനും ഉറച്ചുനിൽക്കുകയാണ്. ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് മേഖലയെ വീണ്ടും അശാന്തമാക്കുകയാണ്. അമേരിക്കയുടെ ഭാഗത്തുനിന്ന് വലിയ തോതിലുള്ള സന്നാഹങ്ങളാണ് മേഖലയിൽ ഒരുങ്ങുന്നത്. അമേരിക്കൻ വിമാനവാഹിനി കപ്പൽ എബ്രഹാം ലിങ്കൺ ജനുവരി അവസാനം മുതൽ അറേബ്യൻ കടലിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ജോർദാനിലെ മുവാഫാക്ക് സാൾട്ടി എയർബേസിൽ പന്ത്രണ്ടോളം എഫ്-15 യുദ്ധവിമാനങ്ങളും എംക്യു-9 റീപ്പർ ഡ്രോണുകളും എ-10സി തണ്ടർബോൾട്ട് വിമാനങ്ങളും എത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു.

You may also like