Home Top Storiesമന്ത്രിമാർക്കെതിരായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന; തെരുവിൽ കലാപത്തിന് ശ്രമിച്ചാൽ അടിച്ചമർത്തുമെന്ന് രമേശ് ചെന്നിത്തല

മന്ത്രിമാർക്കെതിരായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന; തെരുവിൽ കലാപത്തിന് ശ്രമിച്ചാൽ അടിച്ചമർത്തുമെന്ന് രമേശ് ചെന്നിത്തല

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരെ വഴിതടഞ്ഞ് ആക്രമിക്കുന്ന സംഭവങ്ങൾക്ക് പിന്നിൽ കടുത്ത ഗൂഢാലോചനയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അധികാരം നഷ്ടപ്പെട്ടതിന്റെ വിഭ്രാന്തിയിൽ മന്ത്രിമാർക്കെതിരെ ആക്രമണം നടത്തി നാട്ടിൽ കലാപമഴിച്ചുവിടാനാണ് സി.പി.എമ്മും ഡിവൈ.എസ്.പിയും ശ്രമിക്കുന്നത്. തെരുവിൽ ഒരുവിധത്തിലുള്ള ഗുണ്ടായിസവും അനുവദിക്കില്ലെന്നും സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.

മുൻപ് ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ വെച്ച് കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച ചരിത്രമുള്ളവരാണ് ഇടതു സംഘടനകൾ. മന്ത്രി എം.വി. രാഘവനെ വേട്ടയാടിയതും ഇതേ ശൈലിയിലാണ്. ഇപ്പോൾ കായികമന്ത്രി ഒ.ജെ. ജനീഷിനെ കണ്ണൂരിൽ ആക്രമിച്ചതും ഈ കാലഹരണപ്പെട്ട രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. ക്രമസമാധാനം തകർക്കാൻ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. മന്ത്രി കെ.എം. ഷാജിയെ നടുറോഡിൽ യുവമോർച്ച തടയാൻ ശ്രമിച്ചതും ഇതിന് തെളിവാണ്.

ഗ്യാനേഷ് കുമാറിനെതിരായ വോട്ട് ചോർച്ചാ വിഷയത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുമ്പോൾ സി.പി.എം നേതാക്കളായ എം.എ. ബേബി അടക്കമുള്ളവർ എന്തിനാണ് അങ്കലാപ്പിലാകുന്നതെന്നും ചെന്നിത്തല ചോദിച്ചു. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് നേരെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എസ്.എഫ്.ഐക്കാർ ബിയർ കുപ്പികളും കല്ലുകളുമെറിഞ്ഞത് എന്ത് രാഷ്ട്രീയ മര്യാദയാണെന്ന് അദ്ദേഹം ചോദിച്ചു. ബി.ജെ.പി രാഷ്ട്രീയ പ്രതിസന്ധിയിലാകുമ്പോഴെല്ലാം രക്ഷകരായി മാറുന്ന ദൗത്യമാണ് സി.പി.എം ഏറ്റെടുത്തിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രി രൂക്ഷമായി വിമർശിച്ചു.

You may also like