കൊല്ലം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പതിച്ച ഫ്ലെക്സ് എസ്എഫ്ഐ പ്രവർത്തകൻ വലിച്ചുകീറിയതായി ദൃശ്യങ്ങൾ. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് കൊല്ലം ചിന്നക്കടയിൽ നടത്തിയ മാർച്ചിനിടെയാണ് സംഭവം.
മാർച്ച് ചെയ്ത് നീങ്ങിയ സംഘത്തിൽ നിന്ന് ഓടിയെത്തിയ പ്രവർത്തകനാണ് മീഡിയനിൽ സ്ഥാപിച്ചിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പതിച്ച ഫ്ലെക്സ് വലിച്ചുകീറി മറിച്ചിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെതിരെ പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഫ്ലെക്സ് കീറിയതിന് പിന്നാലെ ആൾക്കൂട്ടത്തിൽനിന്ന് ‘കോടിയേരിയുടെ ഫ്ലെക്സാണോ കീറിയത്, മാറിപ്പോയോ’ എന്ന് ഒരാൾ ചോദിക്കുന്നതും കേൾക്കാം.
കോടിയേരി ബാലകൃഷ്ണന്റെ നാലാം ഓർമദിനമായിരുന്നു ഇന്ന്. അതേ ദിവസമാണ് കൊല്ലം ചിന്നക്കടയിലെ പ്രതിഷേധ മാർച്ചിനിടെ അദ്ദേഹത്തിന്റെ ചിത്രം പതിച്ച ഫ്ലെക്സ് കീറിയ സംഭവവും ഉണ്ടായത്.
